ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങള്‍ ഇന്ന് യാത്ര തിരിക്കും

ന്യൂഡല്‍ഹി : ഓപ്പറേഷന്‍ സിന്ദൂറിന്റെ സാഹചര്യം വിശദീകരിക്കുകയും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ ഭാഗം വ്യക്തമാക്കാനും പാക്കിസ്താനെ ഒറ്റപ്പെടുത്തുകയും ലക്ഷ്യമിട്ട് വിദേശത്തേക്കുള്ള ആദ്യ രണ്ട് പ്രതിനിധി സംഘങ്ങള്‍ ഇന്ന് യാത്ര തിരിക്കും.

ആകെ ഏഴ് പ്രതിനിധി സംഘങ്ങളാണ് വിദേശ യാത്രനടത്തുക. ആദ്യരണ്ട് ടീം ആണ് ഇന്ന് പുറപ്പെടുക. ജനതാദള്‍ നേതാവ് സഞ്ജയ് ഝാ നയിക്കുന്ന മൂന്നാമത്തെ സംഘം, ശിവസേന നേതാവ് ശ്രീകാന്ത് ഷിന്‍ഡെ നയിക്കുന്ന നാലാം സംഘം എന്നിവരാണ് ഇന്ന് വിദേശത്തേക്ക് പോകുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.

ജെഡിയു എംപി സഞ്ജയ് ഝാ നയിക്കുന്ന സംഘമായിരിക്കും ആദ്യം പുറപ്പെടുക. ഇന്തോനേഷ്യ, മലേഷ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് പ്രതിനിധി സംഘം യാത്ര ചെയ്യും. ബിജെപി എംപിമാരായ അപരാജിത സാരംഗി, ബ്രിജ് ലാല്‍, ഹേമാങ് ജോഷി, പ്രദാന്‍ ബറുവ, തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഭിഷേക് ബാനര്‍ജി, സിപിഎമ്മിന്റെ ജോണ്‍ ബ്രിട്ടാസ്, മുന്‍ വിദേശകാര്യ മന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ്, മുന്‍ നയതന്ത്രജ്ഞന്‍ മോഹന്‍ കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.

ശിവസേന എംപി ശ്രീകാന്ത് ഷിന്‍ഡെ നയിക്കുന്ന സംഘമായിരിക്കും അടുത്തതായി പുറപ്പെടുക. ഇദ്ദേഹത്തോടൊപ്പം ബിജെപി എംപിമാരായ ബന്‍സുരി സ്വരാജ്, അതുല്‍ ഗാര്‍ഗ്, മനന്‍ കുമാര്‍ മിശ്ര, മുന്‍ എംപി എസ്എസ് അലുവാലിയ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍, ബിജെഡി എംപി സസ്മിത് പത്ര, മുന്‍ നയതന്ത്രജ്ഞന്‍ സുജന്‍ ചിനോയ് എന്നിവരാണ് സംഘത്തില്‍ ഉള്‍പ്പെടുന്നത്. യുഎഇ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സിയറ ലിയോണ്‍, ലൈബീരിയ എന്നിവിടങ്ങളിലേക്ക് ഈ സംഘം യാത്ര ചെയ്യും.

ഇന്ത്യയുടെ നിലപാട് ഞങ്ങള്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങളെ അറിയിക്കണം. ഇന്ത്യ തീവ്രവാദത്തിനെതിരെ പോരാടുകയും പാകിസ്ഥാനുമായി ഇടപെടുകയും ചെയ്യുന്ന രീതി ലോകത്തെ അറിയിക്കണം. ഇന്ത്യ സമാധാനപ്രിയരായ ഒരു രാഷ്ട്രമാണെന്ന് ഞങ്ങള്‍ ലോകത്തെ അറിയിക്കും, പക്ഷേ ആരെങ്കിലും നമ്മളെ ആക്രമിച്ചാല്‍ ഞങ്ങള്‍ പ്രതികരിക്കും. ഇന്ത്യ സാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, പാകിസ്ഥാന്‍ തീവ്രവാദം വളര്‍ത്തുന്ന തിരക്കിലാണ്,’ ശ്രീകാന്ത് ഷിന്‍ഡെ പറഞ്ഞു.

പ്രതിനിധി സംഘങ്ങള്‍ വിവിധ രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍, മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങള്‍ വിശദീകരിക്കും. ഭരണകക്ഷിയായ എന്‍ഡിഎയില്‍ നിന്നുള്ള 31 രാഷ്ട്രീയ നേതാക്കളും മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള 20 രാഷ്ട്രീയക്കാരും ഉള്‍പ്പെടെ 59 അംഗങ്ങളാണ് ഏഴ് പ്രതിനിധികളില്‍ ഉള്‍പ്പെടുന്നത്. മുന്‍ നയതന്ത്രജ്ഞര്‍ അവരെ സഹായിക്കും.

കോണ്‍ഗ്രസിന്റെ ശശി തരൂര്‍, ഡിഎംകെയുടെ കെ കനിമൊഴി, എന്‍സിപിയുടെ (എസ്പി) സുപ്രിയ സുലെ, ബിജെപിയുടെ ബൈജയന്ത് പാണ്ഡ, ബിജെപിയുടെ രവിശങ്കര്‍ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള മറ്റ് പ്രതിനിധി സംഘങ്ങള്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറപ്പെടും.

More Stories from this section

family-dental
witywide