
ശബരിമല : മണ്ഡലകാല തീര്‍ഥാടനം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ശബരിമലയില്‍ ഭക്തജന പ്രവാഹം തുടരുന്നു. തീര്‍ത്ഥാടനം 15 ദിവസം പിന്നിട്ടപ്പോള്‍ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 13 ലക്ഷത്തിലേക്ക് എത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കുറവ് തീര്‍ഥാടകര്‍ എത്തിയത് ഞായറാഴ്ചയാണ്. അരലക്ഷം പേരാണ് ഇന്നലെ മല കയറിയത്. വെര്‍ച്വല്‍ ക്യൂ ബുക്കു ചെയ്തവരില്‍ വലിയൊരു വിഭാഗം എത്താതിരുന്നതാണ് തിരക്ക് കുറയാന്‍ കാരണമായത്.
ഇന്ന് ഗുരുവായൂര്‍ ഏകാദശിയായതിനാല്‍ അതിനുശേഷം തീര്‍ഥാടകരുടെ തിരക്കേറുമെന്നാണ് ദേവസ്വം ബോര്‍ഡും പൊലീസും പ്രതീക്ഷിക്കുന്നത്.
ഡിസംബര്‍ 26-ന് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. 27-ന് മണ്ഡലപൂജ. അന്ന് രാത്രി നട അടയ്ക്കുന്നതോടെ മണ്ഡകാല തീര്‍ഥാടനം സമാപിക്കും. 30-ന് വൈകിട്ട് അഞ്ചിന് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്. 19 വരെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്താം. 20-ന് രാവിലെ പന്തളം കൊട്ടാരം രാജപ്രതിനിധിയുടെ ദര്‍ശനത്തിനുശേഷം നടയടയ്ക്കും.
അതേസമയം, 2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപയാണ്. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതൽ. ഇന്നലെ (നവംബർ 30) വരെയുള്ള കണക്കാണിത്.
The flow of devotees continues at Sabarimala










