
ന്യൂഡല്‍ഹി : ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന് മൊയ്ത്രയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര.
ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറ്റമുണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി അമിത് ഷാ ആണെന്നും അദ്ദേഹത്തിന്റെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം എന്നുമായിരുന്നു മഹുവയുടെ പരാമര്‍ശം. റായ്പൂര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഛത്തീസ്ഗഡിലെ റായ്പുരിലെ മന പൊലീസ് സ്റ്റേഷനിലാണ് മഹുവയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, ദേശ സുരക്ഷയ്ക്ക് ദോഷകരമായ ആരോപണങ്ങള്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ബംഗാളിയിലാണ് അവര്‍ പ്രസ്താവന നടത്തിയത്. ഇത് താനൊരു പ്രത്യേക രീതിയില്‍ പറഞ്ഞതാണെന്നും തന്റെ ഭാഷാ പ്രയോഗം വിഡ്ഢികള്‍ക്ക് മനസിലായില്ലെന്നും അവര്‍ പറഞ്ഞു. സ്വന്തം തല വെട്ടാന്‍ കഴിയുന്നത്ര ലജ്ജ തോന്നുന്നു എന്നതാണ് താന്‍ ഉദ്ദേശിച്ചതെന്നും മഹുവ വിശദീകരിച്ചു. റായ്പൂരിലെ മന ക്യാമ്പ് പൊലീസ് സ്റ്റേഷനില്‍ മൊയ്ത്രയ്ക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 196 (മതം, വംശം, ജനനസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 197 (ദേശീയോദ്ഗ്രഥനത്തിന് വിരുദ്ധമായ ആരോപണങ്ങള്‍) എന്നിവ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.













