
തിരുവനന്തപുരം: കാനഡയില്‍ മരിച്ച മലയാളി പൈലറ്റ് ഗൗതം സന്തോഷിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തൈക്കാട് ശ്മശാനത്തില്‍ നടക്കും. മൃതദേഹാവശിഷ്ടം തിങ്കളാഴ്ച പുലര്‍ച്ചെയോടെ പൂജപ്പുര ചട്ടമ്പിസ്വാമി റോഡ് വിദ്യാധിരാജ നഗര്‍ ‘ശ്രീശൈല’ത്തില്‍ എത്തിച്ചു. എല്ലാ ഓണത്തിനും അച്ഛന്റെയും അമ്മയുടെയും അടുത്തേക്കെത്തുന്ന മകന്‍ ജീവനറ്റ് എത്തുന്നത് കണ്ണീരോടെ കണ്ടുനില്‍ക്കാനേ ഗൗതമിനെ അച്ഛന്‍ അഡ്വ. കെ.എസ്. സന്തോഷ്‌കുമാറിനും അമ്മ എല്‍.കെ. ശ്രീകലയ്ക്കും സഹോദരി ഡോ. ഗംഗാ സന്തോഷിനും കഴിഞ്ഞുള്ളൂ.
കുട്ടിക്കാലം മുതലുള്ള ഗൗതമിന്റെ ആഗ്രഹംതന്നെയാണ് അവനെ എന്‍ജിനിയറിങ് പഠനം പാതിവഴിയിലാക്കി കാനഡയിലേക്ക് എത്തിച്ചത്. ഒരുപാട് ചിത്രങ്ങള്‍ വരയ്ക്കുന്ന ഗൗതം ഏറ്റവും കൂടുതല്‍ വരച്ചിട്ടുള്ളതും വിമാനങ്ങളുടെയും ആകാശങ്ങളുടെയും ചിത്രങ്ങളാണെന്ന് സഹോദരി പങ്കുവെച്ചു. ആകാശംമുട്ടെ പറക്കാനാഗ്രഹിച്ച ഗൗതമിന്റെ സ്വപ്‌നങ്ങള്‍ അതേ ആകാശത്തില്‍ പൊലിയുകയായിരുന്നു.
2019 ല്‍ കാനഡയിലെത്തിയ ഗൗതം കാനഡയില്‍ വാന്‍കോവര്‍ പസിഫിക് പ്രൊഫഷണല്‍ ഫ്‌ലൈറ്റ് സെന്ററില്‍ പൈലറ്റ് കോഴ്‌സിനു ചേര്‍ന്നു. ഒന്നരമാസം മുന്‍പാണ് കിസിക് ഏരിയല്‍ സര്‍വേ ഇന്‍കോര്‍പ്പറേറ്റഡില്‍ ജോലിക്കു പ്രവേശിച്ചത്. എട്ടുപേര്‍ക്ക് യാത്രചെയ്യാവുന്ന പൈപ്പര്‍ പിഎ 31 എന്ന ചെറുവിമാനം തര്‍ന്നാണ് ഗൗതമിന് ജീവന്‍ നഷ്ടമായത്.