
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കലിന്റെ ശസ്ത്രക്രിയ പ്രതിസന്ധിയെ കുറിച്ചുള്ള ആരോപണങ്ങൾ തള്ളി ആരോഗ്യവകുപ്പ്. കഴിഞ്ഞവർഷം യൂറോളജി വിഭാഗത്തിന് വേണ്ടി സർക്കാർ 50 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ (ഡിഎംഇ) ഡോ. വിശ്വനാഥൻ വ്യക്തമാക്കി. ഇന്നലെ നാല് ശസ്ത്രക്രിയകൾ നടന്നു. സംഭവത്തിൽ ഡോക്ടർ ഹാരിസിനോട് വിശദീകരണം തേടുമെന്നും ഡിഎംഇഡോ. വിശ്വനാഥൻ പറഞ്ഞു.
ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ദൗർഭാഗ്യകരമാണ്. പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റാണ്. ശസ്ത്രക്രിയ ഉപകരണം കേടായപ്പോഴാണ് ഒരെണ്ണം മാറ്റിവെച്ചത്. 41000 രൂപയിൽ നിന്ന് ഉപകരണത്തിന് വില വർദ്ധനവ് ഉണ്ടായി. പർച്ചേസ് ഓർഡർ കൊടുത്തിട്ടുണ്ട്. ശസ്ത്രക്രിയ മാറ്റിവെച്ച രോഗിക്ക് മറ്റ് ആരോഗ്യ കുഴപ്പങ്ങൾ ഒന്നുമില്ലെന്നും ഡോക്ടറുടെ നടപടിയിൽ വിശദമായ അന്വേഷണം നടത്താനാണ് നിലവിലെ തീരുമാനമെന്നും. ഡിഎംഇ തലത്തിൽ അന്വേഷണം ഉണ്ടാകുമെന്നും ഡോ. വിശ്വനാഥൻ പറഞ്ഞു. സാമൂഹ്യ മാധ്യമത്തിൽ രാഷ്ട്രീയ പോസ്റ്റുകൾ ഇടാൻ പാടില്ല. ഡോക്ടറെ ഫോണിൽ വിളിച്ചിട്ട് ഇതുവരെ പ്രതികരിക്കുന്നില്ല. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും സാമൂഹ്യമാധ്യമത്തിലെ കുറിപ്പ് ആരോഗ്യ സംവിധാനത്തെ നാണം കെടുത്താൻ ചെയ്തതാണന്നേ പറയാൻ കഴിയൂവെന്നും ഡിഎംഇ ഡോ. വിശ്വനാഥൻ വ്യക്തമാക്കി.
അതേസമയം, വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ഡോക്ടർ ഹാരിസ് രംഗത്തെത്തി. പരിമിതികൾ ആണ് തനിക്ക് ചുറ്റുമുള്ളതെന്നും അതിനുള്ളിൽ നിന്ന് തന്റെ വിഭാഗത്തിൽ ചികിത്സ തേടി വരുന്ന ഓരോ മനുഷ്യനും എനിക്ക് കഴിയുന്നതിന്റെ പരമാവധി ചികിത്സ നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. സാധാരണ ജനങ്ങളുടെ ആശ്രയവും അത്താണിയുമാണ് ഞാൻ പഠിച്ചുവളർന്ന് ഇന്ന് ജോലി ചെയ്യുന്ന പ്രശസ്തമായ തിരുവനന്തപുരം മെഡിക്കൽ കോളജ്. എനിക്ക് അതിനോട് നീതി പുലർത്താൻ കഴിയുന്നില്ലെങ്കിൽ ഞാൻ ജീവിച്ചിരുന്നിട്ട് എന്ത് കാര്യമെന്നും ഡോക്ടർ ഹാരിസ് കുറിപ്പിൽ പറഞ്ഞു.