കൊച്ചി: സംവിധായകനും നടനുമായ സൗബിന്‍ ഷാഹിർ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സൗബിന്‍ നേരത്തെ എറണാകുളം മജിസ്ട്രേറ്റ് കോടതിയെ വിദേശയാത്രയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചിരുന്നു. വിദേശത്ത് സംഘടിപ്പിക്കുന്ന അവാര്‍ഡ് ഷോയില്‍ പങ്കെടുക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ കോടതി ഇത് അംഗീകരിക്കാതെ ഹര്‍ജി തള്ളിയിരുന്നു.
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയാണ് സൗബിന്‍ ഷാഹിര്‍. സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് മഞ്ഞുമ്മല്‍ ബോയ്സിനെതിരെ കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. തുടർന്ന് സൗബിനെ മരട് പൊലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തു.













