
ബെംഗളൂരു: മൈസൂരുവിലെ ഇന്‍ഫോസിസ് ക്യാംപസില്‍ കഴിഞ്ഞ ആഴ്ച കണ്ടെത്തിയ പുള്ളിപ്പുലിയെ ഇനിയും പിടികൂടാനായില്ല. പുലി ക്യാമ്പസിലുണ്ടോ അതോ സമീപ വനത്തിലേക്ക് കടന്നോ എന്നതിനും സ്ഥിരീകരണമില്ല. എങ്കിലും വനത്തിലേക്ക് കടന്നതാണെന്നാണ് അധികൃതരുടെ നിഗമനം.
പുലിയെ കണ്ടെത്താന്‍ 12 ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചു. തെര്‍മല്‍ ക്യാമറകളുള്ള ഡ്രോണുകള്‍ ഉപയോഗിച്ചാണു രാത്രിയില്‍ തിരച്ചില്‍ നടത്തുന്നത്. വനംവകുപ്പ് അധികൃതരുടെ മേല്‍നോട്ടത്തില്‍ 80 ജീവനക്കാര്‍ കഴിഞ്ഞ ഒരാഴ്ചയായി റിസര്‍വ് വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള 370 ഏക്കര്‍ ക്യാംപസില്‍ തമ്പടിച്ച് തിരച്ചില്‍ നടത്തുന്നുണ്ട്. ഈ ദിവസങ്ങളില്‍ സിസിടിവികളില്‍ പുള്ളിപ്പുലിയുടെ പുതിയ ദൃശ്യങ്ങളോ ക്യാംപസിനുള്ളില്‍ പുതിയ കാല്‍പാടുകളോ പതിഞ്ഞിട്ടില്ല.
ഡിസംബര്‍ 31ന് പുലര്‍ച്ചെ മൂന്നരയോടെ സെക്യൂരിറ്റി ജീവനക്കാരാണു ഭൂഗര്‍ഭ വാഹന പാര്‍ക്കിങ് ഏരിയയില്‍ പുള്ളിപ്പുലിയെ കണ്ടെത്തിയത്. ഇവിടത്തെ സിസിടിവികളിലും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.