പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനമേറ്റ് മരിച്ച അതിഥിത്തൊഴിലാളി സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാർ പോലീസ് അറിയിച്ചു. ബുധനാഴ്ച 3 മണിയ്ക്കാണ് സംഭവം. മണിക്കൂറുകൾ നീണ്ട കൊടും ക്രൂരതയാണ് അതിഥി തൊഴിലാളിയായ രാംനാരായണനേറ്റത്. ശരീരത്തിൽ ആസകലം മർദ്ദനമേറ്റ പാടുകളാണ്. മോഷ്ടാവാണെന്ന് സംശയിച്ചാണ് ആൾക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ മർദിച്ചത്.
ശരീരത്തിലും തലയിലുമേറ്റ പരിക്കുകളാണ് രാംനാരായണൻ്റെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് ‘ ആൾക്കൂട്ട മർദനത്തിൽ ശരീരത്തിൽ 40 ലേറെ പരിക്കുകളാണ് ഉണ്ടായത്. തലയിലും ശരീരത്തിലും ഗുരുതര പരിക്കേറ്റു. തലയിൽ രക്തസ്രാവവും ഉണ്ടായി. പുറം മുഴുവൻ വടി കൊണ്ടടിച്ച പാടുകളുണ്ടായിരുന്നു. കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരിക്കുണ്ട്. അവശനിലയിൽ ആയ രാമനാരായണനെ പോലീസ് എത്തി പാലക്കാട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ നഷ്ടമായി.
ഒരാഴ്ച മുമ്പ് കഞ്ചിക്കോട് കിൻഫ്രയിൽ ജോലി തേടിയാണ് രാംനാരായണൻ പാലക്കാട് എത്തിയത്. പരിചയമില്ലാത്ത സ്ഥലം ആയതിനാൽ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. മൂന്നുവർഷം മുൻപേ ഭാര്യ ഉപേക്ഷിച്ച് പോയതോടെ ചില മാനസിക പ്രശ്നങ്ങൾ രാംനാരായണന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് തൊഴിലാളികൾ ആണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു.
പിന്നീട് പ്രദേശവസികൾ സംഘം ചേർന്ന് രാംനാരായണനെ തടഞ്ഞുവെച്ച് കള്ളനെന്ന് ആരോപിച്ച് മർദ്ദിക്കുകയായിരുന്നു. കണ്ടപ്പോൾ കള്ളൻ എന്ന് തോന്നി എന്നാണ് നാട്ടുകാരുടെ മറുപടി. എന്നാൽ രാംനാരായണൻ പാലക്കാട് എത്തിയത് ജോലി തേടിയാണെന്ന് കുടുംബം അറിയിച്ചു. നിലവിൽ പ്രദേശവാസികളായ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും അന്വേഷണസംഘം അറിയിച്ചു.
The migrant worker who died after being lynched by a mob in Palakkad was brutally beaten for hours; five people arrested in the case















