
ദില്ലി: ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിൻ്റെ വാദത്തോട് പ്രതികരികേണ്ടതില്ലെന്ന നിലപാടിൽ വിദേശകാര്യ മന്ത്രാലയം. ട്രംപ് ഈ വാദം ആവർത്തിക്കുന്നത് ഇന്ത്യ – യുഎസ് ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നുവെങ്കിലും ട്രംപിനോട് എന്നും പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണ് നിലവില്‍ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. യുക്രൈന്‍ പ്രസിഡൻറ് വ്ളോദിമിർ സെലൻസ്കിയുമായി ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിനിടയിലും റഷ്യൻ എണ്ണ വാങ്ങുന്നില്ലെന്ന് ഇന്ത്യ തീരുമാനിച്ചുവെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് തന്നെ അറിയിച്ചുവെന്ന് വ്യാഴാഴ്ചയാണ് ട്രംപ് പറഞ്ഞത്. ട്രംപിൻ്റെ ഈ വാദം വിദേശകാര്യമന്ത്രാലയം തള്ളികളഞ്ഞെങ്കിലും വീണ്ടും ട്രംപ് ഈ വാദം ആവർത്തിക്കുന്നത് കേന്ദ്ര സർക്കാരിന് അടിയാവുകയാണ്. ട്രംപിനോട് പ്രതികരിക്കേണ്ട കാര്യമില്ലെന്നാണ് ഉന്നതവൃത്തങ്ങൾ പറയുന്നത്. ട്രംപിൻ്റെ വാദങ്ങളോട് നരേന്ദ്ര മോദി നേരിട്ട് പ്രതികരിക്കാത്തത് കോൺഗ്രസും ചോദ്യം ചെയ്തിരുന്നു.
അതേസമയം, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്താൻ കമ്പനികൾക്ക് നിർദ്ദേശം നല്കിയിട്ടില്ല. അങ്ങനെ ഒരു തീരുമാനം എടുത്താൽ തന്നെ അത് വിപണി വിലയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും കേന്ദ്ര സർക്കാർ പറയുന്നു. ഇന്ത്യ- അമേരിക്ക വ്യപാരകരാറിനുള്ള ചർച്ചകൾ നല്ല അന്തരീക്ഷത്തിലാണ് നടക്കുന്നതെന്നും വ്യാപാര കരാറിന് സമയപരിധി നിശ്ചയിക്കാനാകില്ലെന്നും വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി.
The Ministry of External Affairs has said that there is no need to respond to US President Donald Trump’s claim that India will stop buying Russian oil.