ഇന്ത്യ ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന് സ്ത്രീകളേയും കുട്ടികളേയും വിലങ്ങണിയിക്കാതെയാണ് യുഎസ് തിരിച്ചയ്ക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി : ഇന്ത്യ ആശങ്ക അറിയിച്ചതിന് ശേഷം അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരായ സ്ത്രീകളേയും കുട്ടികളേയും അമേരിക്ക മടക്കിയലക്ക് അയച്ചത് വിലങ്ങണിയിക്കാതെയാണെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം.

കഴിഞ്ഞയാഴ്ച രണ്ട് ബാച്ചുകളായി അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട സ്ത്രീകളെയും കുട്ടികളെയും വിമാനയാത്രയ്ക്കിടെ തടഞ്ഞിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആണ് പ്രതിവാര വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 5 ന് ഇന്ത്യയിലെത്തിയ നാടുകടത്തപ്പെട്ടവര്‍, തങ്ങളെ ചങ്ങലകളാല്‍ ബന്ധിച്ചെന്നും വിമാനയാത്രയിലുടനീളം പീഡനം നേരിട്ടുവെന്നും ആരോപിച്ചിരുന്നു. യുഎസില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇന്ത്യയില്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം യുഎസ് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അമേരിക്കയിലെത്തിയ മോദി അമേരിക്കയുടെ നാടുകടത്തല്‍ നയത്തിനെ അനുകൂലിച്ചു.

‘ഫെബ്രുവരി 15, 16 തീയതികളില്‍ ഇന്ത്യയിലെത്തിയ വിമാനങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും ഒരു തരത്തിലുള്ള ചങ്ങലയ്ക്കും വിധേയരാക്കിയിട്ടില്ലെന്ന്’ ജയ്സ്വാള്‍ പറഞ്ഞു.

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ ഡോണള്‍ഡ് ട്രംപിന്റെ വന്‍തോതിലുള്ള നടപടികളുടെ ഭാഗമായാണ് യുഎസില്‍ നിന്ന് ഇന്ത്യക്കാര്‍ അടക്കമുള്ളവരെ നാടുകടത്തുന്നത്. യുഎസ് വ്യോമസേനയുടെ വിമാനത്തിലാണ് അവരെ തിരികെ എത്തിക്കുന്നത്. ഫെബ്രുവരി 5 ന് 104 ഇന്ത്യക്കാര്‍ ഇത്തരത്തില്‍ മടങ്ങിയെത്തി, ഫെബ്രുവരി 15 നും 16 നും യഥാക്രമം 116 ഉം 112 ഉം പേരും എത്തി.

More Stories from this section

family-dental
witywide