
ആലപ്പുഴ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദൻ്റെ ഭൗതികശരീരം 22 മണിക്കൂറിലധികം നീണ്ട വിലാപയാത്രയ്ക്ക് ശേഷം പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലേക്ക് എത്തിച്ചേർന്നു. ഇന്നലെ തിരുവനന്തപുരം ദർബാർ ഹാളിൽ നിന്ന് രണ്ട് മണിക്ക് ആരംഭിച്ച വിലാപയാത്രയാണ് ഇപ്പോൾ വിഎസിൻ്റെ ഭവനത്തിൽ എത്തിയിരിക്കുന്നത്. വി എസിന് അഭിവാദ്യം ആർപ്പിക്കാൻ ജനപ്രവാഹമാണ് വീട്ടിലെത്തിയിരിക്കുന്നത്.
വഴിനീളെ പലവഴി ജനങ്ങൾ ഒഴുകിയെത്തി വി എസിന് അന്ത്യാഭിവാദ്യം ആർപ്പിച്ചു. മഴയും ഇരുട്ടും വകവെക്കാതെ , രാത്രിയെന്നോ പാതിരാത്രിയെന്നോ പുലർച്ചെയെന്നോ ഇല്ലാതെയാണ് പതിനായിരക്കണക്കിന് ആളുകൾ വി എസിനെ കാണാൻ എത്തിയിരിക്കുന്നത്. സംസ്ഥാനത്തിൻ്റെ പല നാടുകളിൽ നിന്നും ദേശങ്ങളിൽ നിന്നും നിരവധി പേരാണ് വി എസിനെ കാണാനെത്തിയിരിക്കുന്നത്.
വി എസിൻ്റെ വേലിക്കകത്ത് വീട്ടിൽ കമ്മ്യൂണിസ്റ്റ് നേതാക്കളായ എം.എ ബേബി, എം.വി ഗോവിന്ദൻ മാസ്റ്റർ, മന്ത്രിമാർ, സാദിഖലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി, ബെന്യാമിൻ തുടങ്ങി വിവിധ രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ എത്തി. സംസ്ഥാനത്തിൻ്റെ വിവിധ ദേശത്ത് വി എസ് ചേർത്ത് പിടിച്ച, വി എസിനെ ചേർത്തുപിടിച്ച നിരവധി അനവധി സാധാരണക്കാരാണ് കടലുപോലെ വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയിട്ടുണ്ട്.
വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. സമയക്രമം പാലിക്കാൻ ഡിസി ഓഫീസിലെ പൊതുദർശന സമയം ചുരുക്കിയിട്ടുണ്ട്. തുടർന്ന് ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം. പിന്നീട് വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.
ജൂലൈ 21-ന് വൈകിട്ട് 3.20-നായിരുന്നു വി എസിന്റെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.
സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവർത്തിച്ച വി എസ് മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് വി എസ്.
തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും ഉണ്ടായ തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെയും വിപ്ലവങ്ങളുടെയും സമര സൂര്യനായിരുന്നു വിഎസ്. പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്ക് ഒരു ജീവിതമുണ്ടാകാനും സ്ത്രീപക്ഷത്തും വി എസ് നിലപാടുകളിൽ ഉറച്ചുനിന്നു. വി എസ് യാത്രയാകുന്നതോടെ ഒരു വിപ്ലവ സമര കേരള യുഗത്തിനാണ് അന്ത്യമാകുന്നത്.