
ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യയുടെ അതിമനോഹരമായ കാഴ്ച പങ്കുവെച്ച് വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല. ആക്സിയം-4 ദൗത്യത്തിൻ്റെ ഭാഗമായി ബഹിരാകാശ കേന്ദ്രത്തിൽ എത്തിയപ്പോൾ പകർത്തിയ ദൃശ്യമാണ് എക്സിലൂടെ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. വീഡിയോ സ്ക്രീൻ ബ്രൈറ്റ്നസ് കൂട്ടി ലാൻഡ്സ്കേപ്പ് മോഡിൽ കാണണമെന്നും അദ്ദേഹം കുറിച്ചു.
ഭാരതത്തിന്റെ ഏതാനും ദൃശ്യങ്ങൾ കനത്ത മൺസൂൺ മേഘങ്ങൾക്കിടയിലൂടെ ഒപ്പിയെടുക്കാൻ സാധിച്ചു. ഭാരതത്തിന്റെ ഒരു ടൈംലാപ്സ് വീഡിയോയാണിത്. ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് ഇന്ത്യയുടെ കിഴക്കൻ തീരത്തിലൂടെ തെക്ക് നിന്ന് വടക്കോട്ടാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) നീങ്ങുന്നത്. വീഡിയോയിൽ കാണുന്ന പർപ്പിൾ നിറത്തിലുള്ള മിന്നലാട്ടങ്ങൾ ഇടിമിന്നലുകളാണെന്നും അതിനുശേഷം ഹിമാലയം കാഴ്‌ചയിലേക്ക് വരുന്നുണ്ടെന്നും തുടർന്ന് ഒരു സൂര്യോദയവും കാണാമെന്നും അദ്ദേഹം കുറിച്ചു.