കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന് കണ്ണീരോടെ വിട ചൊല്ലി നാട്. പ്രിയപ്പെട്ടവരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ മിഥുന് ശാസ്താംകോട്ട വിളന്തറയിലെ വീട്ടുവളപ്പിലാണ് സംസ്കാരം ഒരുക്കിയത്. മിഥുൻ്റെ അനിയനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. തുർക്കിയിൽ നിന്ന് മിഥുന്റെ അമ്മ സുജ ഇന്ന് നാട്ടിലെത്തിയ ശേഷമായിരുന്നു സംസ്കാരം നടന്നത്. ചേതനയറ്റ മകനെ കണ്ട് അവനെ കെട്ടിപ്പിടിച്ച് നെഞ്ച്പൊട്ടി ആർത്തുക്കരഞ്ഞ സുജയെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ ഏവരും സങ്കടപ്പെട്ടു. വിതുമ്പിക്കരഞ്ഞ് മിഥുന് അച്ഛനും അമ്മയും പ്രിയപ്പെട്ടവരും അന്ത്യചുംബനം നല്‍കി.
മിഥുൻ പഠിച്ച സ്കൂളിൽ രാവിലെ നടന്ന പൊതുദർശനത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹം വിളന്തറയിലെ വീട്ടിലേക്ക് മിഥുന്റെ ഭൗതികശരീരം എത്തിച്ചത്. സഹപാഠികളും അധ്യാപകരും നാട്ടുകാരുമുൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് മിഥുന് സ്കൂളിലും വീട്ടിലുമെത്തി ആദരാജ്ഞലി അർപ്പിച്ചത്.
രാവിലെ ഒന്‍പതരയോടെയാണ് മിഥുൻ്റെ അമ്മ സുജ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിക്ക് കുവൈത്തിലേക്ക് തിരിച്ച് രാത്രി എത്തിച്ചേര്‍ന്നു. ശേഷം പുലര്‍ച്ചെ 01.15ന് കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ പുറപ്പെടുകയായിരുന്നു. ഒന്‍പത് മണിയോടെ തന്നെ വിമാനം നെടുമ്പാശേരിയിലെത്തി. സുജയെ കാത്ത് ബന്ധുക്കളും ഇളയമകനും വിമാനത്താവളത്തിലുണ്ടായിരുന്നു. പൊലീസ് സഹായത്തോടെയാണ് സുജ കൊച്ചിയിൽ നിന്നും കൊല്ലത്തേക്ക് റോഡു മാർഗം യാത്ര തിരിച്ചത്.
17ാം തീയതി രാവിലെയാണ് സ്കൂളിൽവെച്ച് മിഥുൻ ഷോക്കേറ്റ് മരിച്ചത്. സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് സൈക്കിൾ വെക്കാനായി ഇരുമ്പ് ഷീറ്റ് പാകിയ ഷെഡ് നിര്‍മ്മിച്ചിരുന്നു. ഈ ഷെഡിന്റെ മുകളിലേക്ക് ചെരുപ്പ് വീണു. ഇത് എടുക്കാനായി കയറിയതായിരുന്നു മിഥുൻ. കാൽ തെന്നിപ്പോയപ്പോൾ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ എത്താന്‍ വേണ്ടി മൃതദേഹം ശാസ്താംകോട്ട ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.















