അമേരിക്കയിലെ ഏകാന്തജീവിതത്തിന്റെ വേദനാജനക യാഥാർത്ഥ്യം തുറന്നുകാട്ടുന്ന വികാരഭരിതമായ വീഡിയോ പങ്കുവെച്ച് ഇന്ത്യൻ യുവാവ്. ഇന്ത്യൻ യുവാവ് സച്ചിൻ സിന്ധുവാണ് 80 വയസ്സുകാരനായ അയൽവാസി ഷാഫറിന്റെ ഒറ്റപ്പെട്ട മരണമാണ് അദ്ദേഹം വീഡിയോയിൽ കണ്ണുനിറച്ച് ഓർമ്മിക്കുന്നത്. ബന്ധുക്കളോ കുടുംബാംഗങ്ങളോ കൂടെയില്ലാതെ ഒരു അപാർട്മെന്റിൽ ഒറ്റയ്ക്ക് താമസിക്കുന്ന അദ്ദേഹം മരിച്ചതുപോലും ആരും അറിഞ്ഞില്ലെന്ന് സച്ചിൻ വീഡിയോയിൽ പറയുന്നു.
ഇതും യുഎസിലെ ദുഃഖകരമായ യാഥാർഥ്യമാണ്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. വളരെ വേദനാജനകമായ ഒരു കാര്യം നിങ്ങളുമായി പങ്കുവെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ വീടിന് അടുത്തുള്ള അപ്പാർട്ട്മെന്റിൽ ഷാഫർ എന്ന് പേരുള്ള എൻ്റെ പ്രിയപ്പെട്ടൊരു സുഹൃത്ത് താമസിച്ചിരുന്നു. അദ്ദേഹത്തിന് 80 വയസായിരുന്നു. അദ്ദേഹത്തിന്റെ കൂടെ ആരുമില്ലായിരുന്നു. ഭാര്യയോ മക്കളോ കൂടെയുണ്ടായിരുന്നില്ല. ഒരുപക്ഷേ അദ്ദേഹത്തെ അടുത്തറിയുന്ന ഒരാൾ ഞാൻ മാത്രമായിരിക്കും.
ഒരു ദിവസം മുഴുവൻ അദ്ദേഹത്തെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. രാവിലെ മുതൽ എനിക്ക് കോളുകളൊന്നും വന്നില്ല. രാത്രി എട്ട് മണിയോടെ എന്റെ കൈവശമുണ്ടായിരുന്ന സ്പെയർ കീ ഉപയോഗിച്ച് ഞാൻ അദ്ദേഹത്തിന്റെ അപാർട്മെന്റിൽ കയറി നോക്കി. അവിടെ കിടപ്പുമുറിയിൽ അദ്ദേഹം മരിച്ചുകിടക്കുന്നതാണ് ഞാൻ കണ്ടത്. ഉടൻ തന്നെ 911-ൽ വിളിച്ചു. പോലീസ് എത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചുവെന്നും യുവാവ് വീഡിയോയിൽ പറയുന്നു.
വീഡിയോയിൽ കുടുംബബന്ധങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും സാംസ്കാരികപരമായ വ്യത്യാസങ്ങളെ കുറിച്ചും വീഡിയോയിൽ ഇടർച്ചയോടെ യുവാവ് കൂട്ടിച്ചേർക്കുന്നുണ്ട്. കുടുംബബന്ധങ്ങൾക്ക് ഇവിടെ വലിയ പ്രാധാന്യം നൽകുന്നില്ല. മാതാപിതാക്കൾക്ക് മക്കളോടൊപ്പം ജീവിക്കാൻ താത്പര്യമില്ല. മക്കൾക്ക് മാതാപിതാക്കൾക്കൊപ്പവും താമസിക്കാൻ താത്പര്യമില്ല. എന്നാൽ ഇന്ത്യയിൽ പ്രായമായ മാതാപിതാക്കളെ പരിപാലിക്കുകയും അവരുമായുള്ള ബന്ധം നിലനിർത്തുകയും ചെയ്യുന്നു. എന്നാൽ ആ സംസ്കാരം യുഎസിൽ ഇല്ല. അതുകൊണ്ട് പ്രായമായവരെല്ലാം ഒറ്റയ്ക്ക് ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. നാളെ അദ്ദേഹത്തിനുവേണ്ടി ആരും വന്നില്ലെങ്കിൽ ശവസംസ്കാര ചടങ്ങുകൾ ഞാൻ നടത്തുമെന്ന് ഞാൻ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും യുവാവ് വീഡിയോയിൽ പറയുന്നു.
നിങ്ങൾ വീട്ടിൽ നിന്ന് അകലെയാണ് താമസിക്കുന്നതെങ്കിൽ പോലും നിങ്ങളുടെ കുടുംബവുമായി ബന്ധം പുലർത്തുക. നിങ്ങളുടെ പ്രായമായവരുമായി എല്ലാ ദിവസവും സംസാരിക്കുക എന്നിങ്ങനെ കുടുംബാംഗങ്ങളുമായി അടുത്ത ബന്ധം നിലനിർത്താൻ ആളുകളോട് അഭ്യർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.
പണത്തിനും സ്വകാര്യതയ്ക്കും വേണ്ടിയുള്ള തിരച്ചിലിൽ നമുക്ക് പലപ്പോഴും നമ്മുടെ മൂല്യങ്ങൾ നഷ്‌ടപ്പെടുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ആരെയും ബുദ്ധിമുട്ടിക്കാതെ പോകാൻ അദ്ദേഹം ആഗ്രഹിച്ചിരിക്കാം. നിങ്ങൾ അദ്ദേഹത്തെ പോയി അന്വേഷിച്ചത് വളരെ നല്ല കാര്യമാണ് തുടങ്ങി നിരവധി കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
The painful reality of America; Indian youth emotionally affected by neighbor’s death














