ലിയോ പാപ്പ: കേരളത്തിൽ രണ്ടു തവണ സന്ദർശനം നടത്തിയ പാപ്പ, 2004ലും 2006ലും കേരളത്തിൽ എത്തി

കൊച്ചി: അഗസ്റ്റീനിയന്‍ സന്ന്യാസസഭയുടെ തലവനായിരുന്ന കാലത്ത് പുതിയ പാപ്പ കേരളത്തില്‍ രണ്ടുവട്ടമെത്തി. രണ്ടുവട്ടവും ആലുവ തായിക്കാട്ടുകരയിലെ മരിയാപുരം പള്ളി സന്ദര്‍ശിച്ചിരുന്നു. 2002 മുതല്‍ ബിഷപ്പാകുന്ന 2014 നവംബര്‍വരെയാണ് ലിയോ പതിനാലാമന്‍ പാപ്പ അഗസ്റ്റീനിയന്‍ സഭയുടെ തലവനായിരുന്നത്.

2004 ഏപ്രില്‍ 22-ന് അദ്ദേഹം കലൂര്‍ സെയ്ന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലില്‍ 6 ഡീക്കന്‍മാരെ വൈദികരായി അഭിഷേകം ചെയ്തിരുന്നു. അന്ന് ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പിലായിരുന്നു ചടങ്ങില്‍ മുഖ്യകാര്‍മികനായിരുന്നത്.

ഫാ. ജോണ്‍ ബോസ്‌കോ, ഫാ. അഗസ്റ്റിന്‍, ഫാ. റോബര്‍ട്ട് റോയി, ഫാ. ഷിജു വര്‍ഗീസ് കല്ലറയ്ക്കല്‍, ഫാ. അലോഷ്യസ് കൊച്ചീക്കാരന്‍, ഫാ. ജിബി കട്ടത്തറ എന്നിവരാണ് അന്ന് വൈദികരായി അഭിഷിക്തരായത്.

ഇടക്കൊച്ചി, തലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ അഗസ്റ്റീനിയന്‍ സന്ന്യാസ ഭവനങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. കേരളത്തിനെ ഏറെ ഇഷ്ടപ്പെടുന്ന സൗമ്യനായ പിതാവാണ് ലിയോ പതിനാലാമനെന്ന് അഗസ്റ്റീനിയന്‍ സഭയുടെ ഭാരതത്തിലെ തലവനായ ഫാ. വില്‍സണ്‍ ഒഎസ്എ അനുസ്മരിച്ചു.

മിതഭാഷിയാണ്, എന്നാല്‍ ഒരിക്കല്‍ പരിചയപ്പെട്ടാല്‍ എത്രവര്‍ഷം കഴിഞ്ഞുകണ്ടാലും നമ്മളെ പേരുചൊല്ലി വിളിക്കും. ഫ്രാന്‍സിസ് പാപ്പയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന കര്‍ദിനാള്‍ റോബര്‍ട്ട് പ്രേവോ പുതിയ പാപ്പയാകുമെന്ന പ്രതീക്ഷ അഗസ്റ്റീനിയന്‍ സമൂഹത്തിന് ഉണ്ടായിരുന്നുവെന്നും ഫാ. വില്‍സണ്‍ പറഞ്ഞു.

2006-ലും അദ്ദേഹം കേരളത്തിലടക്കമുള്ള സന്ന്യാസ ഭവനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

More Stories from this section

family-dental
witywide