കേരളത്തിന്റെ അഭിമാന പദ്ധതിവിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും, ചടങ്ങ് രാവിലെ 11ന്

തിരുവനന്തപുരം : കേരളത്തിന്റെ അഭിമാനപദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രിയോടെ തലസ്ഥാനത്തെത്തിയിരുന്നു. ഇന്നലെ വൈകീട്ട് ഏഴേമുക്കാലോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

രാവിലെ 11 മണിക്കാണ് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങ്. തുടര്‍ന്ന് പന്ത്രണ്ടോടെ പ്രധാനമന്ത്രി മടങ്ങും. രാജ്ഭവനില്‍ നിന്ന് റോഡ് മാര്‍ഗം പാങ്ങോട് മിലിട്ടറി ഏരിയയിലെത്തി ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് പോകുന്നത്. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാതലത്തില്‍ കനത്ത സുരക്ഷയിലാണ് നഗരം. തുറമുഖത്തിന്റെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തു.

തിരുവനന്തപുരം നഗരത്തിലെമ്പാടും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വിഴിഞ്ഞത്ത് കടലിലും നേവിയും കോസ്റ്റ് ഗാര്‍ഡും കാവലൊരുക്കിയിട്ടുണ്ട്. അഭിമാനമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ 10,000 പേരെത്തുമെന്നാണ് കണക്കുകൂട്ടല്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, നഗരസഭാ മേയര്‍, ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇന്നലെ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പ്രധാനമന്ത്രിയെ വരവേല്‍ക്കാനായി നിരവധിപേരാണ് പാതയോരങ്ങളില്‍ തടിച്ചുകൂടിയത്. രാജ്ഭവനിലാണ് ഇന്നലെ പ്രധാനമന്ത്രി തങ്ങിയത്.

ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ സംസ്ഥാന മന്ത്രിമാരായ വി.ശിവന്‍കുട്ടി, സജി ചെറിയാന്‍, ജി.ആര്‍.അനില്‍ എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ.എ.റഹിം, എം.വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ വേദിയിലുണ്ടാകും.

More Stories from this section

family-dental
witywide