
വയനാട് : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച പുത്തുമലയിലെ പൊതുശ്മശാനം ഇനി ‘ജൂലൈ 30 ഹൃദയ ഭൂമി’ എന്നറിയപ്പെടും. മേപ്പാടി പഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. പുത്തുമലയിൽ ഹാരിസൺ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള 64 സെന്റെ് ഭൂമിയിലാണ് മരിച്ചവർക്കായി അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.
പ്രദേശവാസികളുടെ വൈകാരിക ആവശ്യം പരിഗണിച്ച് ഹാരിസൺ മലയാളം ശവസംസ്‌കാരത്തിനായി 64 സെന്റ് സ്ഥലം വിട്ടുനൽകുകയായിരുന്നു. സർവമത പ്രാർഥനയോടെ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. കഴിഞ്ഞവർഷം ജൂലൈ 30നായിരുന്നു മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ഉണ്ടായത്. സർക്കാരിന്റെ ഔദ്യോഗികക്കണക്ക് അനുസരിച്ച് 452 മരണങ്ങളാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.