
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മിണ്ടാനാകില്ലെന്നും അതിന്റെ കാരണം അദാനിയാണെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
വ്യാപാരത്തീരുവ വിഷയത്തില്‍ ട്രംപ് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടും മോദി മൗനം പാലിക്കുന്നതിനു കാരണം അദാനി ഗ്രൂപ്പിനെതിരായ യുഎസ് അന്വേഷണമാണെന്ന് രാഹുല്‍ എക്‌സില്‍ കുറിച്ചു.
”ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ഭീഷണികള്‍ക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹത്തെ നേരിടാന്‍ കഴിയാത്തതിന്റെ കാരണം അദാനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന യുഎസ് അന്വേഷണമാണ്”- രാഹുല്‍ ഗാന്ധി ആരോപിച്ചു.
റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. ഈ പണം റഷ്യ യുക്രെയ്‌നെതിരായ യുദ്ധത്തിനാണ് ഉപയോഗിക്കുന്നതെന്നാണ് ട്രംപിന്റെ വാദം. ട്രംപ് ഇന്ത്യയ്ക്ക് 25 ശതമാനം തീരുവ ചുമത്തിയതും റഷ്യയുമായുള്ള വ്യാപാരത്തിന് പിഴ ചുമത്തിയതും പ്രതിപക്ഷത്തെ ചൊടിപ്പിക്കുകയും പ്രധാനമന്ത്രിക്കെതിരായ ആയുധമായി മാറുകയും ചെയ്തിരുന്നു. അതിനിടെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് മേലുള്ള തീരുവ ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് ട്രംപ് വീണ്ടും ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഇതും മോദി സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്.