നിപ സമ്പർക്ക പട്ടികയിലെ മരണപ്പെട്ട 78 കാരിയുടെ ഫലം നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍

തിരുവനന്തപുരം: മലപ്പുറത്ത് മരണമടഞ്ഞ സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്. നിപ ഫലം വരുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. 2 പേര്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 46 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 3 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് ജില്ലയില്‍ 5 പേരുടെ ഫലം നെഗറ്റീവായി. 2 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 116 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയിലാണ്.

സെപ്റ്റംബര്‍ മാസം വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പൂനൈ ഐസിഎംആര്‍-ബാറ്റ്സ് ടീം പാലക്കാട് എത്തി സാമ്പിളുകള്‍ ശേഖരിച്ചു. എന്‍സിഡിസി ടീമും എത്തി ചര്‍ച്ച നടത്തി. മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

More Stories from this section

family-dental
witywide