
ദുബായ്: ലോകത്തിലെ ഷോപ്പിംഗ്, ലക്ഷ്വറി തലസ്ഥാനം എന്നറിയപ്പെടുന്ന ദുബായ്, അനേകം ബില്ലിയനേയറുകൾക്ക് താമസിക്കുന്ന ഇടമാണെങ്കിലും ഏറ്റവും സമ്പന്നനായ വ്യക്തി ഷെയ്ഖോ എണ്ണ ബിസിനസ്സുകാരോ അല്ല. റഷ്യയിൽ ജനിച്ച ടെക് സംരംഭകൻ പാവൽ ദുരോവ് ആണ് ദുബായിലെ ഏറ്റവും വലിയ സമ്പന്നൻ. ഫോർബ്സ് പുറത്തുവിട്ട ഏറ്റവും പുതിയ പട്ടിക പ്രകാരം,പാവൽ ദുരോവിന് 17.1 ബില്യൺ ഡോളർ (ഏകദേശം ₹1.42 ലക്ഷം കോടി) ആസ്തിയുണ്ട്. ഇതോടെ അദ്ദേഹം ദുബായിൽ താമസിക്കുന്ന ഏറ്റവും സമ്പന്നനായ വ്യക്തിയാണ്. ആഗോള തലത്തിൽ പാവൽ ദുരോവിൻ്റെ റാങ്ക് 139 ആണ്.
1984-ൽ സെന്റ് പീറ്റേഴ്സ്ബർഗിൽ ജനിച്ച ദുരോവ്, സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് സർവകലാശാലയിൽ ഫിലോളജിയിൽ പഠിക്കുകയും വെറും 22-ാം വയസ്സിൽ, റഷ്യയിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ VKontakte (VK)യുടെ സഹസ്ഥാപകനായി മാറുകയും ചെയ്തു. ഈ വിജയം “റഷ്യയുടെ സക്കർബർഗ്” എന്ന പദവി അദ്ദേഹത്തിന് നേടി കൊടുത്തെങ്കിലും മോസ്‌ക്കോയിലെ സുരക്ഷാ ഏജൻസികളുമായി ഉണ്ടായ തർക്കം കാരണം, ഉപയോക്താക്കളുടെ ഡാറ്റ കൈമാറാൻ നിഷേധിച്ചതിനെ തുടർന്ന്, അദ്ദേഹം VKയിലെ പങ്ക് വിറ്റൊഴിഞ്ഞ് റഷ്യ വിട്ടു.
2013-ൽ, ദുരോവ് പുറത്തിറക്കിയ ടെലിഗ്രാം എന്ന മെസേജിങ് ആപ്പിന് ഇന്ന് മാസത്തിൽ ഒരു ബില്യൺ ഉപയോക്താക്കളുണ്ട്. സ്വകാര്യതയ്ക്ക് നൽകിയ പ്രാധാന്യം, ടെലിഗ്രാമിന്റെ വിശ്വാസ്യതയും ജനപ്രിയതയും ഉയർത്തി. ടെലിഗ്രാം മറ്റനേകം ടെക് കമ്പനികളിൽനിന്ന് വ്യത്യസ്തമായി, പൂര്‍ണമായും ദുരോവിന്റെ ഉടമസ്ഥതയിലുള്ളതാണ്. 2017-ൽ, നികുതി സൗഹൃദത്വവും ആഗോള ജീവിതശൈലിയുമുള്ള യുഎഇയിലേക്ക് കുടിയേറിയ ദുരോവ് പിന്നീട് യുഎഇ പൗരത്വം നേടി.
ദുരോവിന്റെ സ്വകാര്യജീവിതം എന്നും വാര്‍ത്തയാകാറുണ്ട്. മുൻ കാമുകിമാരിൽ ഉണ്ടായ അഞ്ച് കുട്ടികളും, പുറമേ സ്പേം ഡൊണേഷൻ വഴി ഏകദേശം 100 കുട്ടികളുടെ പിതാവാണെന്നും റോയ്റ്റേഴ്സിനോട് തുറന്നു പറഞ്ഞത് ഏറെ ചർച്ചയായിരുന്നു.ടെലിഗ്രാം ചാനലുകൾ സെൻസർ ചെയ്യണമെന്ന് ഫ്രാൻസ് അധികൃതർ നിർബന്ധിച്ചുവെന്നും, സഹകരിച്ചാൽ ഫ്രാൻസിലെ കോടതിയിലുണ്ടായിരുന്ന കേസ് അനുകൂലമായി തീർക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും ഫ്രഞ്ച് ഇന്റലിജൻസിനെതിരെ ദുരോവ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഫ്രാൻസിന്റെ വിദേശകാര്യ മന്ത്രാലയം ഈ ആരോപണം തള്ളിയിരുന്നു.