
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്നു തുടക്കമാകും. അതിര്‍ത്തി നിര്‍ണ്ണയം, ഭാഷാ നയം, വഖഫ് ബില്‍, യുഎസ് വ്യാപാര തീരുവ എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ പ്രതിപക്ഷ-സര്‍ക്കാര്‍ വാക്‌പോരുണ്ടാകും.
ത്രിഭാഷാ നയത്തിലൂടെ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരേ തമിഴ്നാട്ടില്‍നിന്നുള്ള ഡിഎംകെ അടക്കമുള്ള പാർട്ടികളുടെ പ്രതിഷേധം സഭയില്‍ ഉണ്ടായേക്കും. അടുത്ത വര്‍ഷം നടപ്പിലാക്കാന്‍ സാധ്യതയുള്ള അതിര്‍ത്തി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും അസ്വസ്ഥരാണ്. ത്രിഭാഷാ നയം പോലെ ഇതിനെതിരായ പ്രക്ഷോഭത്തിനും നേതൃത്വം നല്‍കുന്നത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ്. അതിര്‍ത്തി നിര്‍ണ്ണയം തങ്ങളുടെ പാര്‍ലമെന്ററി സീറ്റുകളുടെ എണ്ണം കുറയ്ക്കുമെന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അനാവശ്യ നേട്ടം നല്‍കുമെന്ന് അവര്‍ പറയുന്നു.
ബജറ്റ് പ്രക്രിയ പൂര്‍ത്തിയാക്കുന്ന ധനകാര്യ ബില്ലുകള്‍ പാസാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. കഴിഞ്ഞ മാസം മുതല്‍ രാഷ്ട്രപതി ഭരണത്തിന്‍ കീഴിലുള്ള മണിപ്പൂരിനുള്ള ബജറ്റും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും.
അതേസമയം, മന്ത്രിസഭ അംഗീകാരം നല്‍കി, ഈ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ പ്രതിപക്ഷം ചെറുക്കുമെന്ന് പ്രതീക്ഷ. ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു നേരത്തെ പറഞ്ഞിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധവും, അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ ചങ്ങലയില്‍ നാടുകടത്തലും പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഉള്‍പ്പെടുമെന്നാണ് കരുതുന്നത്. മാത്രമല്ല, യുഎസ് ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം രാജ്യത്തെ കര്‍ഷകരുടെയും നിര്‍മ്മാതാക്കളുടെയും താല്‍പ്പര്യങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്യില്ലേ എന്ന് ശനിയാഴ്ച കോണ്‍ഗ്രസിന്റെ ജയറാം രമേശ് ചോദിച്ചിരുന്നു. ബജറ്റ്സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഏപ്രില്‍ നാലുവരെ തുടരും.













