
ന്യൂഡല്‍ഹി: ”രാജ്യത്തെ വിദ്യാര്‍ത്ഥികളും യുവാക്കളും ‘ഭരണഘടനയെ സംരക്ഷിക്കും, ജനാധിപത്യത്തെ സംരക്ഷിക്കും, വോട്ട് മോഷണം നിര്‍ത്തും ഞാന്‍ എന്നും അവരോടൊപ്പം നില്‍ക്കും…” ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ എക്സില്‍ കുറിച്ചതിങ്ങനെ. ‘വോട്ട് മോഷണം’ എന്ന ആരോപണത്തെ ശരിവെക്കുന്ന തരത്തില്‍ ഇന്നലെ ഉച്ചയോടെ രാഹുല്‍ ഗാന്ധി വെളിപ്പെടുത്തലുകള്‍ തെളിവുകള്‍ സഹിതം നല്കിയിരുന്നു. പിന്നാലെ വൈകുന്നേരമാണ് എക്സില്‍ രാജ്യത്തെ വിദ്യാര്‍ത്ഥികളും യുവാക്കളും തന്നോടൊപ്പമുണ്ടാകുമെന്ന് അദ്ദേഹം പോസ്റ്റ് ചെയ്തത്. ജെന്‍ സി എന്നൊരു പരാമര്‍ശവും രാഹുല്‍ നടത്തിയിരുന്നു. നേപ്പാളില്‍ സര്‍ക്കാര്‍ സമൂഹമാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കിയപ്പോള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച ജെന്‍ സി പ്രതിഷേധം ലോക ശ്രദ്ധ നേടിയിരുന്നു. പുതുതലമുറയെ തനിക്കൊപ്പം നിര്‍ത്താനാണ് ജെന്‍ സി എന്ന് പരാമര്‍ശിച്ച് രാഹുല്‍ ശ്രമിക്കുന്നത്.
ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് ജനവിധി ഉറപ്പാക്കാന്‍ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ ഒത്തുകളിച്ചെന്ന് ഇന്നലെ രാഹുല്‍ ആരോപിച്ചു. 2023 ലെ കര്‍ണാടക തിരഞ്ഞെടുപ്പിന് മുമ്പ് ഒരു കേന്ദ്രീകൃത സോഫ്റ്റ്വെയര്‍ വഴി വോട്ടര്‍മാരെ കൂട്ടത്തോടെ പട്ടികയില്‍ നിന്നും പുറത്താക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും അദ്ദേഹം ലക്ഷ്യമിട്ട നേതാക്കളും ആരോപണങ്ങള്‍ നിഷേധിച്ച് ഇന്നലെത്തന്നെ രംഗത്തെത്തി.
രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയായി ബിജെപി എംപി അനുരാഗ് താക്കൂര്‍ രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ വോട്ടെടുപ്പുകളില്‍ 90 ശതമാനവും പരാജയപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ നിരാശ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തെറ്റായതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ ഒരു ശീലമായി മാറിയിരിക്കുന്നു. കോടതികളില്‍ നിന്ന് ശാസിക്കപ്പെടുന്നത് അദ്ദേഹത്തിന് ഒരു പതിവാണ്,’ അദ്ദേഹം പറഞ്ഞു.
‘രാഹുല്‍ ഗാന്ധി ഒരു നുണയനാണ്. വോട്ട് മോഷണം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു, പക്ഷേ അത് ശരിയല്ല. കോണ്‍ഗ്രസ് വോട്ടുകള്‍ നേടി അധികാരത്തിലെത്തിയ ഒരു കാലമുണ്ടായിരുന്നു, എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നതിനുശേഷം അദ്ദേഹം മൂന്ന് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി, പ്രതിപക്ഷം മൂന്ന് തവണ പരാജയപ്പെട്ടു,’ ബിജെപി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ പറഞ്ഞു.
देश के Yuva
— Rahul Gandhi (@RahulGandhi) September 18, 2025
देश के Students
देश की Gen Z
संविधान को बचाएंगे, लोकतंत्र की रक्षा करेंगे और वोट चोरी को रोकेंगे।
मैं उनके साथ हमेशा खड़ा हूं।
जय हिंद! pic.twitter.com/cLK6Tv6RpS













