
തിരുവനന്തപുരം: തമിഴ്നാടിന്‍റെ മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തണമെന്ന ആവശ്യം തൽക്കാലം മാറ്റിവയ്ക്കാൻ മേൽനോട്ട സമിതിയുടെ തീരുമാനം. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നും തമിഴ്നാടുമായി ചര്‍ച്ചയാകാമെന്നും ഡാമിന്‍റെ ജലനിരപ്പ് തല്‍സമയം ലഭിക്കണമെന്ന ആവശ്യവും കേരളം ഉന്നയിച്ചു. ഡാം ബലപ്പെടുത്തുന്നതിന് മുൻപ് ഐസോടോപ്പ് പഠനം നടത്തണം. ആദ്യം ഡാമിന്‍റെ മുൻവശത്ത് 110 അടി താഴെയുള്ള ഭാഗത്തെ കുഴികളും വിള്ളലുകളും അടയ്ക്കുകയാണ് വേണ്ടത്. 80 അടിക്കും 110 അടിക്കും ഇടയിലുള്ള ഭാഗവും പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തണമെന്നും കേരളം ആവശ്യപ്പെട്ടു. തമിഴ്നാടിന്‍റെ ഡാം സുരക്ഷാ പരിശോധന ഒറ്റയ്ക്ക് നടത്തണമെന്ന ആവശ്യവും കേരളം എതിർത്തു.
ഇതോടെയാണ് മേൽനോട്ട സമിതി മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തണമെന്ന തമിഴ്നാടിന്‍റെ ആവശ്യം തൽക്കാലം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. യോഗത്തിൽ പുതിയ ഡാം എന്ന ആവശ്യം വീണ്ടും ഉയർത്തിയ കേരളം ഇക്കാര്യത്തിൽ ചർച്ചയ്ക്ക് തയാറാകണമെന്നും ആവശ്യപ്പെട്ടു.
മേൽനോട്ട സമിതി ഡാമിന്‍റെ ജലനിരപ്പ് തൽസമയം ലഭിക്കണമെന്നുള്ള ആവശ്യം പരിഗണിക്കാൻ തമിഴ്നാടിന് നിർദേശം നൽകി. വള്ളക്കടവ്–മുല്ലപ്പെരിയാർ റോഡ് കല്ല് പാകി ബലപ്പെടുത്താമെന്നും എന്നാൽ ടാറിങ്ങോ വീതികൂട്ടലോ അനുവദിക്കില്ലെന്നും കേരളം വ്യക്തമാക്കി. യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സ്പെഷൽ സെക്രട്ടറി ജീവൻ ബാബു, സംസ്ഥാനന്തര നദീജലവിഷയത്തിലെ ഉപദേഷ്ടാവ് ജയിംസ് വിൽസൺ, ചീഫ് എന്‍ജിനീയര്‍ ആര്‍.പ്രിയേഷ് തുടങ്ങിയവർ പങ്കെടുത്തു