
ലോകത്തിലെ ഏറ്റവും ചെറിയ സൈന്യമായ വത്തിക്കാനിലെ സ്വിസ് ഗാർഡ് അംഗങ്ങൾക്ക് പുതിയ യൂണിഫോം. ഗാർഡ് അംഗങ്ങൾ ചടങ്ങുകൾക്കുപുറത്ത് പങ്കെടുക്കുമ്പോൾ ധരിക്കാനാണ് പുതിയ ഔദ്യോഗിക (non-ceremonial) യൂണിഫോം അവതരിപ്പിച്ചിരിക്കുന്നത്. എംബസി വിരുന്നുകൾ, ഔദ്യോഗിക ഡിന്നറുകൾ തുടങ്ങിയവയിലാകും ഈ യൂണിഫോം ഉപയോഗിക്കുക.
മഞ്ഞയും വെള്ളയും ചേർന്ന ബെൽറ്റും ഗോൾഡ് ബട്ടണുകളുമുള്ള ഈ യൂണിഫോം, 1970കളോളം സ്വിസ് ഗാർഡ് ഉപയോഗിച്ചിരുന്ന പഴയ ഡിസൈനിന്റെ പുതുക്കിയ രൂപമാണ്. പുതിയ യൂണിഫോം അവതരിപ്പിക്കുന്നത്, സ്വിസ് ഗാർഡ് ഒരു സൈനികസംഘമാണെന്ന തിരിച്ചറിവ് വ്യക്തമാക്കുന്നതിനാണ് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അതേസമയം, വത്തിക്കാനിൽ വിനോദസഞ്ചാരികൾ കാണാറുള്ള ചുവപ്പ്, മഞ്ഞ, നീല നിറങ്ങളുള്ള യൂണിഫോം പാപ്പായുടെ വസതിയിലും മറ്റ് പ്രധാന മേഖലകളിലും അംഗങ്ങൾ ധരിക്കും.
1506-ൽ സ്ഥാപിതമായ സ്വിസ് ഗാർഡിന്റെ പ്രധാന ചുമതല പാപ്പായേയും അപ്പോസ്തോളിക് പാലസും കാത്തുസൂക്ഷിക്കുന്നതും, പുതിയ പാപ്പാ തിരഞ്ഞെടുക്കുന്ന കോൺക്ലേവിനിടെ കർദിനാളുമാർക്ക് സുരക്ഷ നൽകുന്നതുമാണ്.സ്വിറ്റ്സർലൻഡിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നിന്നുള്ള 20-ത്തിലധികം പുതിയ അംഗങ്ങൾ, ശനിയാഴ്ച വത്തിക്കാനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലൂടെ ഔദ്യോഗികമായി അംഗത്വം നേടും. മെയ് മാസം നടത്താറുള്ള ഈ ചടങ്ങ്, പാപ്പാ ലിയോ XIV മെയ് 8-ന് തെരഞ്ഞെടുക്കപ്പെട്ടതിനാൽ ഈ വർഷം വൈകിയാണ് നടക്കുന്നത്.