
വത്തിക്കാന്‍ സിറ്റി: ഇന്നലെ വിടവാങ്ങിയ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാന്‍. മുന്‍ മാര്‍പാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ്. എന്നാല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ്. മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്നാണ് മരണപത്രത്തില്‍ കുറിച്ചിട്ടുള്ളത്.
മാത്രമല്ല, ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും അദ്ദേഹം നേരത്തെ ഉറപ്പിച്ചിരുന്നതായി മരണപത്രം വ്യക്തമാക്കുന്നു.
അതേസമയം, ഇന്നലെ കാലംചെയ്ത മാര്‍പാപ്പയുടെ സംസ്‌കാരം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇന്ന് വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗം ചേരും.
മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവുമാണെന്ന് വ്യക്തമാക്കി വത്തിക്കാന്‍ ഇന്നലെ രാത്രിയോടെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. നാളെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനം നടക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു.