
ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന അവതാർ പരമ്പരയിലെ മൂന്നാം ഭാഗമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’-ന്റെ ട്രെയിലർ പുറത്തിറങ്ങി. ഡിസംബർ 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പൻഡോറയുടെ വിസ്മയ ലോകം വീണ്ടും എത്തുകയാണ്. തീക്കളിയാകുന്ന മൂന്നാം ഭാഗവും ജെയിംസ് കാമറൂണിൻ്റെ മറ്റൊരു അതിശയിപ്പിക്കുന്ന വിസ്മയമാകും എന്ന വിശ്വാസത്തിലാണ് പ്രേക്ഷകർ.
പ്രേക്ഷകർക്ക് അതുല്യമായ ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച അവതാർ’, ‘അവതാർ: ദ വേ ഓഫ് വാട്ടർ’ എന്നീ സിനിമകളിലെ പോലെ ജെയിംസ് കാമറൂൺ തന്നെയാണ് ഈ മൂന്നാം ഭാഗവും ഒരുക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമായ ഈ ഫ്രാഞ്ചൈസി അതിന്റെ മൂന്നാം ഭാഗത്തിലൂടെയും പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന വ്യക്തമായ സൂചനയാണ് ട്രെയിലർ നൽകുന്നത്. ഇന്ത്യയിൽ ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. ഇന്ത്യയിലെ ഏറ്റവും വലിയ ഹോളിവുഡ് റിലീസായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
2009-ൽ പുറത്തിറങ്ങിയ ആദ്യ അവതാർ ചിത്രം 2.9 ബില്യൺ ഡോളറിലധികം കളക്ഷൻ നേടി എക്കാലത്തെയും വലിയ വിജയമായി മാറിയിരുന്നു. പിന്നീട് 2022-ൽ എത്തിയ രണ്ടാം ഭാഗമായ ‘അവതാർ: ദ വേ ഓഫ് വാട്ടർ’ 2.3 ബില്യൺ ഡോളർ നേടി ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഈ റെക്കോർഡുകൾക്ക് മുകളിൽ മൂന്നാം ഭാഗമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’ എത്തുമെന്നാണ് കണക്കുക്കൂട്ടലുകൾ.