‘കണ്ണേ കരളേ വിഎസേ’…, കേരളത്തിന്‍റെ ഹൃദയം കവർന്ന രണ്ടക്ഷരം ഓർമ്മയായി, മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ വിടവാങ്ങി, ‘ലാൽസലാം സഖാവേ’

തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവുമായ വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു. തിരുവനന്തപുരത്തെ പട്ടം എസ്.യു.ടി. ആശുപത്രിയിൽ ഇന്ന് ഉച്ച കഴിഞ്ഞ് 3.20 നാണ് അന്ത്യം സംഭവിച്ചത്. ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരണപ്പെട്ടത്. രക്തസമ്മർദ്ദത്തിൽ ഉണ്ടായ വ്യതിയാനവും പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാക്കിയിരുന്നു. വിദഗ്ധ ഡോക്ടർമാരുടെ സംഘം നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1923 ഒക്ടോബർ 20-ന് ആലപ്പുഴയിലെ പുന്നപ്രയിൽ ജനിച്ച വി.എസ്. അച്യുതാനന്ദൻ, കേരള രാഷ്ട്രീയത്തിലെ ഒരു ജനകീയ നേതാവായിരുന്നു. 2006 മുതൽ 2011 വരെ കേരള മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം, സിപിഎം സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ് തുടങ്ങിയ നിരവധി പദവികൾ വഹിച്ചു. മുന്നാറിലെ കയ്യേറ്റ വിരുദ്ധ പോരാട്ടം, അഴിമതിക്കെതിരായ നിലപാടുകൾ, സ്ത്രീപക്ഷ നിലപാടുകൾ എന്നിവയിലൂടെ അദ്ദേഹം ജനമനസ്സുകളിൽ ഇടംനേടി. 1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന അദ്ദേഹം, 1964-ൽ സിപിഎം രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ചു.

വിഎസിന്റെ വിയോഗവാർത്ത കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ വലിയ ശൂന്യത സൃഷ്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആശുപത്രിയിലെത്തി അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചിരുന്നു. ജനങ്ങളുടെ നേതാവായി, അഴിമതിക്കെതിരെ നിരന്തരം പോരാടിയ വിഎസിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്താൻ നിരവധി രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും ആശുപത്രിയിലേക്ക് എത്തിച്ചേർന്നു.

More Stories from this section

family-dental
witywide