
അബുദാബി: ഖത്തറിലെ യുഎസ് സൈനിക താവളം ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ വ്യോമാക്രമണത്തെ രൂക്ഷമായി അപലപിച്ച് യുഎഇ.
ഖത്തറിന്റെ പരമാധികാരത്തിനും വ്യോമപാതയ്ക്കും നേരെയുള്ള കടന്നു കയറ്റമാണ് നടത്തിയതെന്നു യുഎഇ കുറ്റപ്പെടുത്തി. ഐക്യരാഷ്ട്ര സംഘടനയുടെ ചട്ടങ്ങള്‍ക്കും രാജ്യാന്തര നിയമത്തിനും വിരുദ്ധമായ പ്രവൃത്തിയാണ് ഇറാനിയന്‍ റവലൂഷനറി ഗാര്‍ഡ് ഭാഗത്തു നിന്നുണ്ടായതെന്നും യുഎഇ ചൂണ്ടിക്കാട്ടി.
ഖത്തറിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന ഒരാക്രമണത്തെയും യുഎഇ അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇന്നലെ രാത്രി ഖത്തറിലെ യുഎസ് സേനാതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ യുഎസ് താവളമായ അല്‍ ഉദൈദ് എയര്‍ ബേസിലേക്ക് ഖത്തര്‍ സമയം രാത്രി 7.42 ന് 14 മിസൈലുകളാണ് ഇറാന്‍ തൊടുത്തത്.
മേഖലയുടെ സുരക്ഷയും സ്ഥിരതയും നശിപ്പിക്കുന്ന നടപടിയാണിതെന്നും യുഎഇ കുറ്റപ്പെടുത്തി. ഖത്തറിന് എല്ലാ പിന്തുണയും നല്‍കുമെന്നും രാജ്യത്തെ ജനങ്ങള്‍ക്കു എല്ലാ സംരക്ഷണവും ഉറപ്പാക്കുമെന്നും യുഎഇ പ്രസ്താവനയില്‍ പറഞ്ഞു.