തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കും; നടിയെ ആക്രമിച്ച കേസിലെ വിധി നാളെ പുറപ്പെടുവിക്കരുത്, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ തേടി അഡ്വ. കുളത്തൂർ ജയ്‌സിങ്

കൊച്ചി: നടൻ ദിലീപ് പ്രതിയായ പ്രമുഖ സിനിമാ നടിയെ ആക്രമിച്ച കേസിലെ വിധി നാളെ വരാനിരിക്കെ നിർണായക നീക്കവുമായി ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ്.

നടൻ ദിലീപ് അടക്കമുള്ളവരെ പ്രതി ചേർത്ത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണയിലുള്ള കേസിന്റെ വിധി പുറപ്പെടുവിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള ഇലക്ഷന് ശേഷം മാറ്റുന്നതിന് കോടതി മുഖാന്തിരം ഇലക്ഷൻ കമ്മീഷൻ തുടർ നടപടികൾ സ്വീകരിക്കണമെന്നാണ് ഇദ്ദേഹത്തിൻ്റെ ആവശ്യം. അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി സംസ്ഥാന ഇലക്ഷൻ കമ്മീഷണർ എ ഷാജഹാന് നൽകിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബർ 9-നാണ് നടക്കുന്നത്. ഇതിന്റെ തലേദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരുന്നത്. കോടതി വിധിയുടെ ഓരോ വാക്കും തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുവാൻ സാധ്യതയുണ്ടെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ സ്ത്രീ വോട്ടർമാരുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണ്.

സ്ത്രീകൾ കോടതി വിധിയെ ഗൗരവപരമായി കാണുകയും നീതി, സുരക്ഷ, സ്ത്രീകളുടെ മാന്യത, പരിഗണന പ്രസ്തുത ഘടകങ്ങൾ തെരെഞ്ഞെടുപ്പിൽ പശ്ചാത്തലമാക്കുകയും ചെയ്യും. തെരെഞ്ഞെടുപ്പിന്റെ തലേ ദിവസം വരുന്ന കോടതി വിധി വോട്ടെടുപ്പിൽ സ്വാധീനം ചെലുത്തുന്നത് നിഷ്പക്ഷ നടപടിക്രമങ്ങൾക്ക് ഗുണകരമല്ല എന്നതിനാൽ കോടതി വിധി ഇലക്ഷന് ശേഷം മാറ്റുന്നതിന് കോടതി മുഖാന്തിരം കമ്മീഷൻ ആവിശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു.

2017 ഫെബ്രുവരി 17-ന് കൊച്ചി നഗരത്തിൽ ഓടുന്ന വാഹനത്തിൽ നടി ക്വട്ടേഷൻ പ്രകാരം ആക്രമിക്കപ്പെട്ടു എന്ന കേസിൽ 85 ദിവസമാണ് ദിലീപ് ജയിലിൽ കഴിഞ്ഞത്. എട്ടു വർഷത്തോളം നീണ്ട വിചാരണ നടപടികൾക്കൊടുവിൽ കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വരുന്ന ഡിസംബർ 8 നാണ് വിധി പറയുവാൻ നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9 നാണ് വോട്ടെടുപ്പ് നടത്തുന്നത്.

The verdict in the actress attack case should not be announced tomorrow, Adv. Kulathur Jaisingh seeks the intervention of the Election Commission.

More Stories from this section

family-dental
witywide