
വത്തിക്കാന്‍ സിറ്റി : കന്യാമറിയം സഹരക്ഷക അല്ലെന്ന് വ്യക്തമാക്കി വത്തിക്കാന്‍. കുരിശുമരണത്തിലൂടെ യേശുവാണ് മാനവരാശിയെ രക്ഷിച്ചതെന്നും കന്യാമറിയത്തെ സഹരക്ഷക എന്നു വിളിക്കുന്നത് ഉചിതമല്ലെന്നുമാണ് കത്തോലിക്കാ സഭാരേഖയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. സഹരക്ഷക എന്ന പദവി ഉചിതമല്ലെന്നും ഇത് ക്രിസ്തീയവി ശ്വാസസത്യങ്ങളുടെ പൊരുത്തത്തില്‍ അസന്തുലനവും ആശയ ക്കുഴപ്പവുമുണ്ടാക്കുമെന്നും രേഖ വ്യക്തമാക്കുന്നു.
യേശുവിന്റെ കുരിശുമരണമാണ് രക്ഷാകരകര്‍മത്തില്‍ സുപ്രധാനമെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. അമ്മയുടെ വിവേകപൂര്‍ണമായ വാക്കുകള്‍ യേശുകേട്ടിരിക്കാമെങ്കിലും കന്യാമറിയത്തെ സഹരക്ഷക എന്നു വിളിക്കുന്നത് വിശ്വാസസത്യങ്ങള്‍ക്കു നിരക്കുന്നതല്ലെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഒപ്പുവച്ച് വിശ്വാസസത്യങ്ങള്‍ക്കായുള്ള കാര്യാലയം പുറത്തിറക്കിയ പുതിയ പ്രബോധനരേഖയില്‍ പറയുന്നു.
യേശുവിനു ജന്മം നല്‍കുക വഴി മാനവരാശിയുടെയാകെ രക്ഷയ്ക്കുള്ള വാതില്‍ തുറന്നത് മറിയമാണെന്നും എങ്കിലും കുരിശുമരണത്തിലൂടെ യേശുവാണ് ലോകത്തെ രക്ഷിച്ചതെന്നും രേഖയില്‍ വ്യക്തമാക്കുന്നു. മറിയത്തെ എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നു വിളിക്കുന്നത് ഒഴിവാക്കണമെന്നും രേഖയില്‍ പറയുന്നുണ്ട്.
കന്യാമറിയത്തെ സഹരക്ഷക എന്നു വിശേഷിപ്പിക്കുന്നത് ഏറെനാളായി സഭയില്‍ തര്‍ക്ക വിഷയമായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിനെ പരസ്യമായി എതിര്‍ത്തിരുന്നു. അദ്ദേഹത്തി ന്റെ മുന്‍ഗാമി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും എതിര്‍പ്പ് പ്രകടമാക്കിയിരുന്നു.
കത്തോലിക്കാ സഭയില്‍ പരിശുദ്ധ മറിയത്തെ വിശേഷിപ്പിക്കാന്‍ ‘സഹര ക്ഷക’ ‘എല്ലാ കൃപകളുടെയും മധ്യസ്ഥ’ തുടങ്ങിയ സ്ഥാനപ്പേരുകള്‍ ഉപയോഗിക്കരുതെന്നും വിശ്വാസികളുടെ മാതാവ്, ആത്മീയ അമ്മ, വിശ്വാസ സമൂഹത്തിന്റെ അമ്മ തുടങ്ങിയ ശീര്‍ഷകങ്ങള്‍ ഉപയോഗിക്കാമെന്നും വത്തിക്കാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതായി സിറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍ അറിയിച്ചു.
The Virgin Mary is not a co-protector or intercessor, Jesus is the only mediator and savior: Pope signs new apostolic exhortation.














