
സോൾ: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് നീണ്ട ഇടവേളയ്ക്കുശേഷം ദക്ഷിണകൊറിയൻ പോപ്പ് ബാൻഡായ ബിടിഎസ് സംഗീതലോകത്തേക്ക്. 2022 മുതൽ അംഗങ്ങൾക്ക് നിർബന്ധിത സൈനിക സേവനത്തിന് പോകേണ്ടി വന്നതിനെത്തുടർന്നാണ് ബാൻഡ് സംഗീതപരിപാടികൾ നിർത്തി വെച്ചത്. ജൂണിൽ അഞ്ച് ബിടിഎസ് അംഗങ്ങൾ സൈനികസേവനം പൂർത്തിയാക്കി തിരിച്ചെത്തി.
പുതിയ ആൽബം 2026-ൽ പുറത്തിറക്കുമെന്നും വേൾഡ് ടൂർ നടത്തുമെന്നും ബിടിഎസ് ചൊവ്വാഴ്‌ച പ്രഖ്യാപിച്ചു. ബിടിഎസ് ബാൻഡിലെ ഏഴംഗങ്ങളും ജൂലായിൽ അമേരിക്കയിൽ ഒത്തുചേർന്ന് പുതിയ ആൽബത്തിൻ്റെ പണിപ്പുരയിലേക്ക് കടക്കുമെന്ന് സംഘം അറിയിച്ചു.
ബിടിഎസിൻ്റെ അവസാന ഗ്രൂപ്പ് ആൽബം 2022-ൽ പുറത്തിറങ്ങിയ ‘പ്രൂഫ്’ ആണ്. ദക്ഷിണകൊറിയയിൽ അക്കൊല്ലം ഏറ്റവുമധികം വിറ്റഴിഞ്ഞ ആൽബവുമതായിരുന്നു. സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ടതും ബില്ലിബോർഡ്- 100, ആർടിസ്റ്റ്-100 തുടങ്ങിയ ഹിറ്റ് ചാർട്ടുകളിൽ ഒന്നാമതായെത്തിയ ആദ്യ കെ-പോപ്പ് ബാൻഡും കൂടിയാണ് ബിടിഎസ്.















