
ന്യൂഡല്‍ഹി : ഏറെ ചര്‍ച്ചകള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും ഒടുവില്‍ വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കി. ഇന്നു പുലര്‍ച്ചെ 2.33 നാണ് രാജ്യസഭയില്‍ ബില്‍ പാസാക്കിയത്. ബില്ലിനെ ഭരപക്ഷത്തുള്ള 128 എംപിമാര്‍ പിന്തുണച്ചപ്പോള്‍ 95 പേര്‍ എതിര്‍ത്തു. ഇതോടെ ബില്‍ നിയമമാകും. നിര്‍ദിഷ്ട നിയമനിര്‍മാണം രാഷ്ട്രപതി ഒപ്പിടുന്നതോടെ നിലവില്‍ വരും. തുടര്‍ന്ന് വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഇല്ലാതാകും.
രൂക്ഷമായ ചോദ്യങ്ങളും മറുചോദ്യങ്ങളുമായി ചൂടേറിയ ചര്‍ച്ചയാണ് സഭയില്‍ നടന്നത്. ജനത്തിന്റെ വികാരം മനസിലാക്കിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കര്‍ണാടക വഖഫില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ രാജ്യസഭയില്‍. വഖഫ് ഭൂമി കയ്യേറ്റം നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വാദിച്ചു. മാത്രമല്ല, ആരോപണങ്ങള്‍ തെളിയിക്കാന്‍ ബിജെപി തയ്യാറാകണമെന്നും അല്ലെങ്കില്‍ അനുരാഗ് ഠാക്കൂര്‍ രാജിവയ്ക്കണമെന്നും ഖര്‍ഗെ ആവശ്യപ്പെട്ടു. ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ എടുത്തുമാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നും ചര്‍ച്ചയ്ക്കിടെ അദ്ദേഹം കുറ്റപ്പെടുത്തി.
അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വഖഫ് ബോര്‍ഡിന്റെ ഘടനമാറ്റുന്ന നടപടികളില്‍ തനിക്ക് യോജിക്കാന്‍ കഴിയില്ലെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ത്ത് ജോണ്‍ ബ്രിട്ടാസ് എംപിയും സംസാരിച്ചു. ജനങ്ങള്‍ക്കിടയില്‍ എല്ലാവിധത്തിലും ഭിന്നിപ്പുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഭരണഘടനയില്‍ വിശ്വാസമുണ്ടെങ്കില്‍ വഖഫ് ബില്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികളുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നവരുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം മാത്രം ക്രിസ്ത്യാനികള്‍ക്കെതിരെ 700 ആക്രമണങ്ങളാണ് നടന്നതെന്നും നിരവധി പള്ളികള്‍ കത്തിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സംസാരിച്ചത്. മുപ്പത് വെള്ളിക്കാശിന് യേശു ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത ഒരു കഥാപാത്രമുണ്ട് ബൈബിളില്‍. അങ്ങനെയുള്ള കഥാപാത്രങ്ങളാണ് ഇവിടെ ഇരിക്കുന്നതെന്നും കുരിശിന്റെ പേരിലും ക്രിസ്ത്യാനിയെന്ന് പറഞ്ഞ ചില ആളുകളുണ്ട്, അവര്‍ യഥാര്‍ത്ഥത്തില്‍ യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്തവരാണെന്നും ജോണ്‍ ബ്രിട്ടാസ് രൂക്ഷമായി വാദിച്ചു. കേരളത്തിലെ ബിജെപിയം രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം നിങ്ങളുടെ വിഷത്തെ ഞങ്ങള്‍ അവിടെനിന്ന് മാറ്റിനിര്‍ത്തി. ഒരാള്‍ ജയിച്ചിട്ടുണ്ട്. തങ്ങള്‍ നേമത്ത് അക്കൗണ്ട് പൂട്ടിച്ചപോലെ വൈകാതെ തന്നെ ആ അക്കൗണ്ടും തങ്ങള്‍ പൂട്ടിക്കും, ഒരു തെറ്റുപറ്റി മലയാളിക്ക്, ആ തെറ്റ് തങ്ങള്‍ വൈകാതെ തിരുത്തുമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ബുധനാഴ്ചയാണ് വഖഫ് ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കിയത്. 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും രണ്ട് മണിക്കൂര്‍ നീണ്ട വോട്ടെടുപ്പ് പ്രക്രിയയ്ക്കും ശേഷമാണ് ബില്ല് പാസായത്.