5,000-ത്തിലധികം സ്ത്രീകളെ ജമാഅത്ത് ഉൽ മോമിനാത്ത് എന്ന വനിതാ വിഭാഗത്തിൽ റിക്രൂട്ട് ചെയ്തുവെന്നും വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് നടന്നുവെന്നും ജെയ്ഷ് തലവൻ മസൂദ് അവകാശപ്പെടുന്നു. ജമാഅത്ത് ഉൽ മോമിനാത്ത് എന്ന വനിതാ വിഭാഗത്തെ ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് ആണ് അടുത്തിടെ രൂപീകരിച്ചത്. ഇവരുടെ നേതൃത്വത്തിൽ വനിതകളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട യുസഫ് അസ്ഹറിൻ്റെ ഭാര്യയും മസൂദ് അസ്ഹറിൻ്റെ സഹോദരിയുമായ സാദിയയാണ് ജമാഅത്ത് ഉൽ മോമിനാത്തിന് നേതൃത്വം നൽകുന്നത്. പുൽവാമ ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരനായിരുന്ന ഉമർ ഫാറൂഖിൻ്റെ ഭാര്യ അഫീറയാണ് ഈ വനിതാ വിഭാഗത്തിലെ മറ്റൊരു നേതൃത്വം വഹിക്കുന്നത്.
റിക്രൂട്ട്മെൻ്റ് തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ 5,000-ത്തിലധികം സ്ത്രീകൾ ചേർന്നു എന്നത് ദൈവത്തിൻ്റെ അനുഗ്രഹമാണെന്നും അംഗങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ ഇനി ജില്ലാ യൂണിറ്റുകൾ സ്ഥാപിക്കണമെന്നും ജെയ്ഷ് തലവൻ മസൂദ് അസ്ഹർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു. പാകിസ്ഥാനിലെ ബഹാവൽപൂർ, മുൾട്ടാൻ, സിയാൽകോട്ട്, കറാച്ചി, മുസഫറാബാദ്, കോട്ലി എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളെയാണ് പ്രധാനമായും റിക്രൂട്ട് ചെയ്തത്.
ഒക്‌ടോബർ 8-നാണ് ജെയ്ഷ് ആസ്ഥാനമായ മർകസ് ഉസ്മാൻ-ഒ-അലിയിൽ വെച്ച് ജമാഅത്ത് ഉൽ മോമിനാത്തിലേക്കുള്ള റിക്രൂട്ട്മെൻ്റ് ഡ്രൈവ് ആരംഭിച്ചത്. സ്ത്രീകൾക്ക് പരിശീലനം നൽകുന്നത് 40 മിനിറ്റ് ദൈർഘ്യമുള്ള ഈ ഓൺലൈൻ ക്ലാസുകൾ വഴിയാണ്. പങ്കെടുക്കാൻ ഓരോരുത്തരും 500 രൂപ ഫീസ് നൽകണം. ഐഎസ്, ഹമാസ്, എൽ.ടി.ടി.ഇ. എന്നിവയുടെ മാതൃകയിൽ ഫിദായീൻ ആക്രമണങ്ങൾ നടത്താൻ വനിതാ സ്ക്വാഡുകളെ പരിശീലിപ്പിക്കുകയാണ് ഇവരുടെ പദ്ധതിയെന്നും സൂചനയുണ്ട്.
ഡൽഹി സ്ഫോടനത്തിന് പിന്നാലെയാണ് ജമാഅത്ത് ഉൽ മോമിനാത്ത് ശ്രദ്ധയിൽപ്പെട്ടത്. ഡൽഹിക്ക് സമീപം ഫരീദാബാദിൽ നിന്ന് വൻതോതിൽ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തതിനെ തുടർന്ന് അറസ്റ്റിലായ ഡോ. ഷഹീൻ സയീദിന് ജെയ്ഷ് ഭീകരവിഭാഗവുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
The women’s wing of the terrorist organization Jaish-e-Mohammed, Jamaat-ul-Momineen, has recruited more than 5,000 women.










