‘ഭീഷണിപ്പെടുത്തല്‍, ശീതയുദ്ധ മാനസികാവസ്ഥ’ ഇവ ലോകം എതിര്‍ക്കണം’; എസ്സിഒ ഉച്ചകോടിയില്‍ ഷി ജിന്‍പിംഗ്, ഇത് ട്രംപിന് കൊള്ളാനോ?

ടിയാന്‍ജിന്‍: ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന എസ്സിഒ ഉച്ചകോടിയില്‍ പ്ലീനറി സെഷന്‍ ഉദ്ഘാടനം ചെയ്യവെ ‘ഭീഷണിപ്പെടുത്തല്‍, ശീതയുദ്ധ മാനസികാവസ്ഥ’ എന്നിങ്ങനെയുള്ള ഉയര്‍ന്നുവരുന്ന ഭീഷണികളെ ലോകം എതിര്‍ക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. അധിക തീരുവ കാട്ടി ലോകരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന യുഎസ് പ്രസിഡന്റ് ട്രംപിനുള്ള പരോക്ഷ വിമര്‍ശനമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

തന്റെ പ്രസംഗത്തില്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുള്‍പ്പെടെയുള്ള എസ്സിഒ ഉച്ചകോടിയിലെ നേതാക്കളോട് ‘ന്യായവും നീതിയും പാലിക്കാനും ശീതയുദ്ധ മാനസികാവസ്ഥ, ഭീഷണിപ്പെടുത്തുന്ന പെരുമാറ്റം എന്നിവയ്ക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാനും’ ഷി ജിന്‍പിംഗ് ആഹ്വാനം ചെയ്തു.

ട്രംപിന്റെ 100 ശതമാനം കവിയുന്ന തീരുവകളുമായി ചൈനയും യുഎസും ഒരു വലിയ വ്യാപാര സംഘര്‍ഷത്തിലായിരുന്നു. യുഎസും ചൈനയും തമ്മില്‍ ഒരു കരാറിലെത്തിയെങ്കിലും, പിരിമുറുക്കങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. റഷ്യയ്ക്കും ഇന്ത്യയ്ക്കും നേരെ വ്യാപാര കരാറിന്റെ വാതില്‍ തുറന്നിട്ടില്ല. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് കാട്ടി ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് യുഎസ് പ്രസിഡന്റ് 50% തീരുവ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വന്ന തീരുവ ഇരട്ടിയാക്കലിനെ ന്യായീകരിച്ചുകൊണ്ട് ട്രംപും അദ്ദേഹത്തിന്റെ നിരവധി പ്രധാന ഉദ്യോഗസ്ഥരും ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ്. ഇന്ത്യയ്ക്ക് എണ്ണ വിറ്റ് കിട്ടുന്ന പണം റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന് ഉപയോഗിക്കുന്നുവെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍, താരതമ്യേന വിലക്കുറവില്‍ ലഭിക്കുന്നതുകൊണ്ടും ആഗോള സാഹചര്യവും അനുസരിച്ചാണ് റഷ്യന്‍ എണ്ണ വാങ്ങുന്നതെന്നാണ് ഇന്ത്യ മറുപടി നല്‍കിയത്.

ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടി ചൈനയിലെ ടിയാന്‍ജിനിലാണ് നടക്കുന്നത്. ഓഗസ്റ്റ് 31 ന് ആരംഭിച്ച ദ്വിദിന ഉച്ചകോടിയില്‍ ചൈന, ഇന്ത്യ, റഷ്യ, പാകിസ്ഥാന്‍, ഇറാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, ബെലാറസ് എന്നിവ ഉള്‍പ്പെടുന്നു.

More Stories from this section

family-dental
witywide