വാഷിംങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ ഏറ്റവും അടുത്ത അനുയായിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാർളി കർക്കിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതി ടെയ്‌ലർ റോബിൻസൺ(22) കർക്കിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് റൂംമേറ്റും പങ്കാളിയുമായ ട്രാൻസ്ജെൻഡർ യുവതിക്ക് അയച്ച സന്ദേശം പുറത്ത് . നീയിപ്പോൾ ചെയ്യുന്ന ജോലി എന്തായാലും അത് നിർത്തി കീബോർഡിന് അടിയിലേക്ക് നോക്കെന്നാണ് സന്ദേശത്തിലുള്ളത്.
ചാർളി കർക്കിനെ കൊല്ലാനുള്ള അവസരം ഉണ്ടെന്നും താനത് ഉപയോഗിക്കാൻ പോകുന്നുവെന്നും അവിടെ നിന്നും ലഭിച്ച കുറിപ്പിൽ പറയുന്നു. മറുപടിയായി നീ തമാശ പറയുകയല്ലേ എന്ന് സുഹൃത്ത് മെസേജ് അയച്ചു. ഈ രഹസ്യം മരിക്കും വരെ സൂക്ഷിക്കാനാകുമെന്നാണ് കരുതിയതെന്നും എന്നാൽ നിന്നെയും ഇതിലേക്ക് വലിച്ചിഴച്ചതിൽ ക്ഷമിക്കണമെന്നും റോബിൻസൺ പറയുന്നുണ്ട്. തനിക്കു പകരം മറ്റേതോ വയസ്സനായ വ്യക്തിയെ പൊലീസ് പിടിച്ചെന്നും തന്റേതു പോലെ വസ്ത്രം ധരിച്ച ആരെയോ ചോദ്യം ചെയ്യുന്നുണ്ടെന്നും പിന്നീടയച്ച സന്ദേശത്തിൽ റോബിൻസൺ പറയുന്നു. എന്തിനാണ് നീയിത് ചെയ്തതെന്ന ചോദ്യത്തിന് അയാളുടെ വെറുപ്പിന്റെ പരമാവധി അനുഭവിച്ചിട്ടുണ്ടെന്നും ചില വെറുപ്പുകൾ അനുവദിച്ച് നൽകാനാകില്ലെന്നുമാണ് റോബിൻസൺ പറഞ്ഞിരിക്കുന്നത്.
അതേസമയം, പ്രതി റോബിൻസണിനെതിരെ വധശിക്ഷ ലഭിക്കാവുന്ന ഏഴ് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആസൂത്രിതമായ കൊലപാതകം, തോക്കിന്റെ ദുരുപയോഗം, തെളിവ് നശിപ്പിക്കൽ, സാക്ഷികളെ സ്വാധീനിക്കൽ, കുട്ടികൾക്ക് മുന്നിൽവെച്ച് കൊലപാതകം തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. കർക്കിനെപ്പോലെ വെറുപ്പ് പടർത്തുന്ന ഒരാൾക്ക് സ്കൂളിൽ സംസാരിക്കാൻ അവസരം നൽകുന്നത് വിഡ്ഢിത്തമാണെന്നായിരുന്നു വിചാരണയ്ക്കിടെ റോബിൻസൺ പറഞ്ഞത്. യൂട്ടാവാലി സർവകലാശാലയിൽ നടന്ന ഒരുസംവാദത്തിനിടെയായിരുന്നു ചാർളി കർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്.











