
വാഷിംഗ്ടണ്‍: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം തുടരുന്നതിനിടയില്‍, ഗാസയിലെ മാനുഷിക സാഹചര്യം മോശമാണെന്നും അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഗാസയില്‍ പലരും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നുവെന്നും കൂടാതെ മേഖലയില്‍ ധാരാളം ആളുകള്‍ പട്ടിണിയിലാണെന്നും അദ്ദേഹം പറഞ്ഞു.
‘അടുത്ത മാസത്തില്‍ ധാരാളം നല്ല കാര്യങ്ങള്‍ സംഭവിക്കും. പലസ്തീനികളെ സഹായിക്കേണ്ടതുണ്ട്. ഗാസയില്‍ ധാരാളം ആളുകള്‍ പട്ടിണിയിലാണ്, അതിനാല്‍ നമ്മള്‍ ഇരുവശത്തെയും നോക്കണം. പക്ഷേ നമ്മള്‍ നല്ല ജോലി ചെയ്യാന്‍ പോകുന്നു.’ എയര്‍ഫോഴ്സ് വണ്ണില്‍വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു.
ഗാസയില്‍ പോരാട്ടം രൂക്ഷമായതോടെഅതിര്‍ത്തി കടന്നുള്ള വഴികള്‍ ഇപ്പോഴും അടച്ചിരിക്കുകയാണെന്നും ഭക്ഷണ ക്ഷാമം അപകടകരമാം വിധത്തിലാണെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം (W-F-P) തിങ്കളാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഹമാസിനെ സമ്മര്‍ദ്ദത്തിലാക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 2 ന് ഗാസയിലേക്കുള്ള എല്ലാ സഹായങ്ങളും ഇസ്രയേല്‍ തടഞ്ഞിരുന്നു. പിന്നാലെയാണ് പട്ടിണിയും പോഷകാഹാരക്കുറവും മേഖലയില്‍ കുത്തനെ വര്‍ദ്ധിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഗാസയിലെ 4,70,000 ആളുകള്‍ മാരകമായ പട്ടിണിയിലാണ്. കൂടാതെ മുഴുവന്‍ ജനങ്ങളും കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുവെന്ന് മെയ് 12 ന് പുറത്തിറങ്ങിയ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ (ഐപിസി) സ്‌നാപ്പ്‌ഷോട്ടില്‍ പറയുന്നു. മാത്രമല്ല, പോഷകാഹാരക്കുറവ് കുത്തനെ ഉയരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 71,000 കുട്ടികള്‍ക്കും 17,000 ല്‍ അധികം അമ്മമാര്‍ക്കും അടിയന്തിരമായി ചികിത്സ ആവശ്യമായി വരുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.














