
പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ‘സ്വയം നിയന്ത്രണം’ ആവശ്യമാണെന്ന് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഖൈബര്‍-പഖ്തൂണ്‍ഖ്വയിലെ അംഗൂര്‍ അദ്ദ, ബജൗര്‍, കുറം, ദിര്‍, ചിത്രാല്‍, ബലൂചിസ്ഥാനിലെ ബറാംച എന്നിവയുള്‍പ്പെടെ നിരവധി പ്രധാന പോസ്റ്റുകളിലാണ് വെടിവയ്പ്പ് നടന്നത്. 58 പാക് സൈനികര്‍ കൊല്ലപ്പെട്ടു. ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രതികരിച്ചത്.
‘പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും സൗദി അറേബ്യ ആശങ്കയോടെ നിരീക്ഷിക്കുന്നു. സ്വയം സംയമനം പാലിക്കാനും, സംഘര്‍ഷം ഒഴിവാക്കാനും, ചര്‍ച്ചകള്‍ നടത്താനും വിവേക പൂര്‍വ്വം പെരുമാറാനും രാജ്യം ആവശ്യപ്പെടുന്നു, ഇത് പിരിമുറുക്കം കുറയ്ക്കുന്നതിനും മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനും സഹായിക്കും. സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള എല്ലാ പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ക്കും രാജ്യം പിന്തുണ ഉറപ്പ് നല്‍കുന്നു, കൂടാതെ സഹോദരങ്ങളായ പാകിസ്ഥാന്‍, അഫ്ഗാന്‍ ജനതകള്‍ക്ക് സ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്ന തരത്തില്‍ സുരക്ഷ സ്ഥാപിക്കുന്നതിനുള്ള നിരന്തരമായ താല്‍പ്പര്യവും രാജ്യം ഉറപ്പിക്കുന്നു,”- സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.