
ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ബ്ലഡ് ബാങ്കിൽ നിന്ന് നിരവധി യൂണിറ്റ് രക്തവും പ്ലാസ്മയും മോഷണം പോയതായി പരാതി. എയിംസ് രക്തബാങ്ക് ഇൻ-ചാർജ് ഡോ. ഗ്യാനേന്ദ്ര പ്രസാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവവുമായി ബന്ധപ്പെട്ട് ഒരു ഔട്ട്‌സോഴ്‌സ് ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു.
ബ്ലഡ് ബാങ്കിൽ നിന്ന് വളരെക്കാലമായി രക്തവും പ്ലാസ്മ യൂണിറ്റുകളും കാണാതാകുന്നുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനെത്തുടർന്ന് അധികൃതർ ബ്ലഡ് ബാങ്കിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഈ സിസിടിവി ദൃശ്യങ്ങളിൽ ഔട്ട്‌സോഴ്‌സ് ജീവനക്കാരനായ ഒരാൾ രക്തം പ്ലാസ്മ യൂണിറ്റുകൾ മോഷ്ടിച്ച് ഒരു അജ്ഞാത വ്യക്തിക്ക് കൈമാറുന്നത് കണ്ടെത്തി.
ഇതേതുടർന്നാണ് എയിംസ് അധികൃതർ ബാഗ് സെവാനിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും, പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. ബ്ലഡ് ബാങ്കിൽ നിന്ന് മോഷണം പോയ രക്ത, പ്ലാസ്മ യൂണിറ്റുകൾ എവിടേക്കാണ് എത്തിച്ചതെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.