
ന്യൂഡല്‍ഹി : യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയ മോചനത്തിനായുള്ള ചര്‍ച്ചകളും മധ്യസ്ഥ ശ്രമങ്ങളും തുടരുന്നതിനിടെ കേസില്‍ കാന്തപുരം ഇടപെട്ടതായി ഒരു വിവരവുമില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. എന്നാല്‍, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കി കിട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വളരെ സങ്കീര്‍ണമായ പ്രശ്‌നമാണെന്നും വിഷയത്തില്‍ സാധ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, നിമിഷപ്രിയയുടെ മോചനത്തെ ബാധിക്കും വിധം വിദ്വേഷ പ്രചരണം നടത്തുന്നതിനെതിരെ ആര്‍.ജെ.ഡി ദേശീയ കൗണ്‍സില്‍ അംഗം സലീം മടവൂര്‍ ഡിജിപിക്ക് പരാതി നല്‍കി. കൊല്ലപ്പെട്ട തലാല്‍ അബ്ദുല്‍ മഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് കമന്റ് ബോക്‌സില്‍ കമന്റ് ചെയ്തും തലാലിന്റെ ബന്ധുക്കളെ ഇന്റര്‍വ്യൂ ചെയ്തും നിമിഷ പ്രിയയുടെ മോചനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. മുബാറക്ക് റാവുത്തര്‍ എന്ന വ്യക്തി തലാലിന്റെ ഗ്രാമവാസികളെ ഇളക്കി വിടാന്‍ ശ്രമിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.














