യുഡിഎഫ് പ്രവേശനം ചർച്ചയാക്കി സമയം കളയാനില്ല; പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പ് നേരിടുമെന്ന് അൻവർ

മലപ്പുറം: യുഡിഎഫ് പ്രവേശന വിഷയം ചർച്ച ചെയ്ത് സമയം കളയാൻ താനില്ലെന്നും തന്നോട് ആരും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും പി.വി അൻവർ. നിലമ്പൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിർത്തി ഒരു മുന്നണി ഉണ്ടാക്കി മത്സരിക്കുമെന്നും തൃണമൂൽ കോൺഗ്രസ് മുന്നണിയെ നയിക്കുമെന്നും നിലമ്പൂരിലെ മുൻ എംഎൽഎയായ പി.വി അൻവർ പറഞ്ഞു.

യുഡിഎഫ് നേതാക്കളുടെ മാധ്യമങ്ങളിലെ പ്രതികരണങ്ങൾക്ക് മറുപടി പറയാനില്ല. തന്നെ കുറിച്ച് സിപിഎം ചർച്ച ചെയ്തതിൽ സന്തോഷം. എംകെ മുനീറിൻ്റെയും ഇടി മുഹമ്മദ് ബഷീറിൻ്റെയും തന്നെക്കുറിച്ചുള്ള അഭിപ്രായം കേട്ടിട്ടില്ലെന്നും പിവി അൻവർ പറഞ്ഞു. പിണറായി സർക്കാർ ദുരന്തത്തിൽ നിന്ന് മുതലെടുപ്പ് നടത്തുകയാണ്. മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗൺഷിപ്പ് നിർമിക്കുന്നത് ഊരാളുങ്കലാണ്. ഊരാളുങ്കലിൻ്റെ നടത്തിപ്പ് സി പി എം നേതാക്കൾക്കാണ്. പുനരധിവാസത്തിൽ സഹായിക്കാൻ വന്ന സംഘടനകളെ സർക്കാർ അടിച്ചോടിച്ചു. വൻ ഭൂമി മാഫിയയാണ് ഇതിന് പിന്നിലുള്ളത്. ചൂരൽമല പോലെ സർക്കാർ വില്ലനായ മറ്റാരു ദുരന്തം വേറെ ഉണ്ടാകില്ലെന്നും വയനാട് വിഷയം പ്രതിപക്ഷം ഏറ്റെടുക്കുന്നില്ലെന്നും ഈ വിഷയത്തിൽ കോടതിയെ സമീപിക്കേണ്ട സാഹചര്യമാണെന്നും പിവി അൻവർ കൂട്ടിച്ചേർത്തു.