
യുഎസ് മുന്‍ പ്രഥമവനിത മിഷേല്‍ ഒബാമയും മുന്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയും വിവാഹബന്ധം വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ കുറച്ചുകാലമായി പടരുന്നുണ്ട്. വിവിധ പൊതുപരിപാടികളിലെ മിഷേലിന്റെ അസാന്നിധ്യമാണ് ഇതിന് കാരണമായത്. എന്നാലിതാ ഇത്തരം കിംവദന്തികളെ പൂര്‍ണമായും തള്ളിയിരിക്കുകയാണ് മിഷേല്‍. ‘ഞങ്ങളുടെ വിവാഹത്തില്‍ എന്റെ പങ്കാളിയെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ച ഒരു നിമിഷം പോലും ഉണ്ടായിട്ടില്ല’ എന്നായിരുന്നു മിഷേല്‍, ഒബാമയോടുള്ള തന്റെ സ്‌നേഹം വെളിപ്പെടുത്തിയത്.

മിഷേലിന്റെ സഹോദരനുമായുള്ള പോഡ്കാസ്റ്റില്‍ ഇരുവരും ഒരുമിച്ചെത്തുകയും അഭ്യൂഹങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുകയുമായിരുന്നു.
‘ഒരു നിമിഷം, നിങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നുണ്ടോ?’ മിഷേല്‍ ഒബാമയുടെ മൂത്ത സഹോദരന്‍ ക്രെയ്ഗ് റോബിന്‍സണ്‍, അവരുടെ പോഡ്കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡായ ‘IMO with Michelle Obama and Craig Robinson’ല്‍ ചോദിച്ചു. ദമ്പതികള്‍ ആലിംഗനം ചെയ്ത് ഷോയിലേക്ക് എത്തിയപ്പോഴായിരുന്നു റോബിന്‍സണ്‍ ഇത്തരത്തില്‍ തമാശയോടെ ചോദിച്ചത്.
‘നിങ്ങള്‍ രണ്ടുപേരെയും ഒരേ മുറിയില്‍ ഒന്നിച്ചുകാണുന്നത് വളരെ സന്തോഷകരമാണെന്ന് റോബിന്‍സണ്‍ പറയുമ്പോള്‍, കിംവദന്തികള്‍ അംഗീകരിച്ചുകൊണ്ട് മിഷേല്‍ ഒബാമ പറഞ്ഞു, ‘എനിക്കറിയാം, കാരണം ഞങ്ങള്‍ അങ്ങനെയല്ലാത്തപ്പോള്‍, ആളുകള്‍ ഞങ്ങള്‍ വിവാഹമോചിതരാണെന്ന് കരുതുന്നു. ‘ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള സമയങ്ങള്‍ ഉണ്ടായിരുന്നു, ഞങ്ങള്‍ക്ക് ധാരാളം രസകരമായ സമയങ്ങളും ധാരാളം സാഹസികതകളും ഉണ്ടായിരുന്നു, ഞാന്‍ വിവാഹം കഴിച്ച പുരുഷന്‍ കാരണം ഞാന്‍ മെച്ചപ്പെട്ട വ്യക്തിയായി മാറിയിരിക്കുന്നു,’ മിഷേല്‍ ഒബാമ പറഞ്ഞു.

1992-ലാണ് ഒബാമ ദമ്പതികള്‍ വിവാഹിതരായത്. വൈറ്റ് ഹൗസ് വിട്ടതിനു ശേഷം, മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന്റെ സംസ്‌കാര ചടങ്ങിലും ജനുവരിയില്‍ പ്രസിഡന്റ് ട്രംപിന്റെ രണ്ടാം സ്ഥാനാരോഹണത്തിലും ഒബാമ, മിഷേല്‍ ഇല്ലാതെ തനിച്ചാണ് എത്തിയത്. ഇത് ദമ്പതികളുടെ വേര്‍പിരിയല്‍ ചര്‍ച്ചകളെ കൂടുതല്‍ വളര്‍ത്തി. വൈറ്റ് ഹൗസ് വിട്ടതിനു ശേഷമുള്ള വര്‍ഷങ്ങളില്‍ തന്റെ വിവാഹത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് മുന്‍ പ്രഥമ വനിത സംസാരിക്കുന്നത് ഇതാദ്യമായിരുന്നില്ല. ബരാക് ഒബാമയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ‘ബികമിംഗ്’, ‘ദി ലൈറ്റ് വി കാരി’ എന്നീ രണ്ട് ബെസ്റ്റ് സെല്ലര്‍ ഓര്‍മ്മക്കുറിപ്പുകളില്‍ അവര്‍ എഴുതിയിട്ടുണ്ട്. 2023 ല്‍ ‘സിബിഎസ് മോര്‍ണിംഗ്‌സ്’ എന്ന പരിപാടിയില്‍ ഗെയ്ല്‍ കിംഗുമായുള്ള അഭിമുഖം ഉള്‍പ്പെടെ നിരവധി അഭിമുഖങ്ങളില്‍ അവര്‍ വിവാഹ ജീവിതത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.
















