കേന്ദ്രത്തിൽ നിന്ന് സെൻസർ ഇളവില്ല; അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മുഴുവന്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFK) മുപ്പതാം എഡിഷനില്‍ മുന്‍നിശ്ചയിച്ച പ്രകാരം മുഴുവന്‍ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദര്‍ശിപ്പിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് നിര്‍ദ്ദേശം നൽകി. പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെട്ട 19 സിനിമകള്‍ക്ക് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ‘സെന്‍സര്‍ ഇളവ്’ (Censor Exemption) ലഭിക്കാത്തതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധിയിലാണ് സംസ്ഥാന സര്‍ക്കാരിൻ്റെ തീരുമാനം.

മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുന്ന ഐഎഫ്എഫ്‌കെയില്‍ കേന്ദ്ര നടപടി അസാധാരണ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ഷെഡ്യൂള്‍ ചെയ്ത പ്രകാരം എല്ലാ സിനിമകളും ഐഎഫ്എഫ്‌കെയില്‍ മുടക്കമില്ലാതെ പ്രദര്‍ശിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടിക്കും സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയത്.

കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്‌കാരിക പാരമ്പര്യത്തിന് നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മേളയുടെ പാരമ്പര്യത്തെയും പുരോഗമന സ്വഭാവത്തേയും തകര്‍ക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. കലാവിഷ്‌കാരങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെയുള്ള നിലപാട് ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതും സിനിമാസ്വാദകര്‍ നല്ല രീതിയില്‍ സ്വീകരിച്ചതുമാണ് കേന്ദ്രാനുമതി നിഷേധിച്ച ആ 19 ചിത്രങ്ങളും. ഈ സിനിമകള്‍ കാണാനുള്ള പ്രതിനിധികളുടെ അവകാശത്തെ നിഷേധിക്കാനാവില്ല. ഫെസ്റ്റിവല്‍ ഷെഡ്യൂളിലും ബുക്കിലും ഇവ പ്രസിദ്ധീകരിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മേളയില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ അവകാശം നിഷേധിക്കാനാവില്ലയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയില്‍ 12,000-ത്തിലധികം ഡെലിഗേറ്റുകളും വിദേശത്തുനിന്നടക്കം 200-ഓളം ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്.

There will be no censor relaxation from the center; Minister Saji Cherian says all films from the International Film Festival will be screened

More Stories from this section

family-dental
witywide