
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുൻ മന്ത്രി കടകംപ്പള്ളി സുരേന്ദ്രനെതിരെ പൊലീസ് കേസെടുക്കാൻ സാധ്യതയില്ലെന്ന് സൂചന. കടകംപള്ളി നേരിട്ടും ചാറ്റുകളിലൂടെയും മറ്റും മോശമായ പെരുമാറ്റം നടത്തിയെന്നാണ് സ്വപ്ന നേരത്തെ ആരോപണം ഉന്നയിച്ചത്. എന്നാൽ, ആരോപണം ഉന്നയിച്ച സ്ത്രീ നേരിട്ട് പരാതി നൽകിയാൽ മാത്രമേ കേസ് നിലനിൽക്കൂവെന്നാണ് പൊലീസിന്റെ നിലപാട്. നാല് വർഷം മുമ്പ് സമാനമായ വെളിപ്പെടുത്തലുകൾ ഉണ്ടായെങ്കിലും സ്വപ്ന പരാതി നൽകാതിരുന്നതിനാൽ അന്വേഷണം നടന്നില്ല. തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം. മുനീറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ ആവശ്യം ഉയർന്നത്. എന്നാൽ മൂന്നാമതൊരാൾ പരാതി നൽകിയത് സ്വീകരിച്ചുള്ള അന്വേഷണം നിയമപരമായി നിലനിൽക്കില്ലെന്നാണ് ഉന്നത വൃത്തങ്ങളുടെ വിശദീകരണം. ഡിജിപി ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുത്തിട്ടില്ല.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഗർഭഛിദ്രം സംബന്ധിച്ച പരാതികളും ശബ്ദരേഖകളും പുറത്തുവന്നതിനെ തുടർന്നാണ് കേസെടുത്തത്. മാധ്യമപ്രവർത്തകരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയ പൊലീസ്, ഇരയാക്കപ്പെട്ട പെൺകുട്ടിയോട് നേരിട്ട് സംസാരിച്ചു. സുഹൃത്തുക്കളുടെ മൊഴികളും രേഖപ്പെടുത്തുന്നുണ്ട്. ബെംഗളൂരുവിലെ ആശുപത്രിയിൽ ഗർഭഛിദ്രം നടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ചില ആശുപത്രികളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നു. ഇരയുടെ മൊഴി നിർണായകമാണെന്നും, നിയമവിരുദ്ധമായ ഗർഭഛിദ്രം തെളിഞ്ഞാൽ രാഹുലിനെതിരെ കുരുക്ക് മുറുക്കാനുള്ള നീക്കമുണ്ടെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.










