
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഉപകരണ ക്ഷാമവുമായി ബന്ധപ്പെട്ട ആരോപണം പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചു. യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് നടത്തിയ തുറന്നുപറഞ്ഞ കാര്യങ്ങൾ അന്വേഷിക്കാനാണ് നാലംഗ സമിതിയെ നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലും കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടും സമിതിയിൽ ഉണ്ടാകും.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നൽകിയ ശിപാർശയിൽ ആരോഗ്യവകുപ്പ് ഉടൻ ഉത്തരവ് ഇറക്കിയേക്കും.
മെഡിക്കൽ കോളജിലെ എല്ലാ വിഭാഗത്തിലും പ്രശ്‌നങ്ങളുണ്ടെന്നും പല വകുപ്പ് മേധാവിമാരും അത് തുറന്ന് പറയാത്തത് ഭയംകൊണ്ടാണെന്നും ഇതേക്കുറിച്ച് ഒരു വര്‍ഷം മുന്‍പ് ആരോഗ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടെ അറിയിച്ചിരുവെന്നുമാണ് ഡോ ഹാരിസ് പറഞ്ഞത്. തനിക്കും ആദ്യഘട്ടത്തില്‍ ഭയമുണ്ടായിരുന്നുവെങ്കിലും രോഗികളോടുള്ള കടപ്പാടും കടമയും ഓര്‍ത്തപ്പോള്‍ ആ ഭയത്തിന് അര്‍ഥമില്ലെന്ന് തോന്നി. പല ഉപകാരണങ്ങളും രോഗികളാണ് വാങ്ങിത്തരുന്നത് എന്ന ഗുരുതരമായ ആരോപണവും അദ്ദേഹവും മുന്നോട്ടുവെച്ചു.
വീഴ്ച മന്ത്രിയുടെ ഭാഗത്തല്ല, ഉദ്യോഗസ്ഥരുടെ ഭാഗത്താണെന്നും ശസ്ത്രക്രിയകൾ മുടങ്ങുന്ന അവസ്ഥ മുൻപും ഉണ്ടാകാറുണ്ടെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷൻ അടക്കം മാറ്റിവെയ്ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതിൽ മുൻപിൽ നിൽക്കുകയാണെന്നും ഡോ ഹാരിസ് പറഞ്ഞിരുന്നു.