യുകെ പാർലമെന്റിൽ പുരസ്കാരം ഏറ്റുവാങ്ങിയെന്ന് മേയർ ആര്യ, പണം നൽകി വാങ്ങിയ അവാർഡ് എന്ന് വിമർശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ലണ്ടനിൽ സ്വീകരിച്ച വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്കാരം സമൂഹമാധ്യമങ്ങളിൽ വിവാദമാകുന്നു. നഗരസഭയുടെ തനതു ഫണ്ടിൽനിന്ന് യാത്രാചെലവ് വഹിച്ച്, സർക്കാർ അനുമതിയോടെ യുകെ പാർലമെന്റിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനാണ് ആര്യ യാത്ര ചെയ്തത്. എന്നാൽ, ചടങ്ങ് നടന്നത് യുകെ പാർലമെന്റിന്റെ ഹൗസ് ഓഫ് കോമൺസിലെ വാടകയ്ക്ക് നൽകാറുള്ള ഒരു ഹാളിലാണെന്നും, ഇത് പാർലമെന്റിന്റെ ഔദ്യോഗിക പരിപാടിയല്ലെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു. പണം നൽകി വാങ്ങിയ അവാർഡാണെന്ന ആരോപണവും ശക്തമാണ്.

സിപിഎം അഭിനന്ദനം, എതിരാളികളുടെ വിമർശനം

തിരുവനന്തപുരം നഗരസഭയുടെ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ആര്യ ‘സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ്’ സ്വീകരിച്ചത്. ‘പ്രസ്ഥാനത്തിനും ജനങ്ങൾക്കും’ ഈ പുരസ്കാരം സമർപ്പിക്കുന്നതായി ആര്യ ഫെയ്സ്ബുക്കിൽ കുറിച്ചു. സിപിഎം നേതാക്കളും പ്രവർത്തകരും ആര്യയെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടെങ്കിലും, എതിരാളികൾ ഇതിനെ ‘തട്ടിക്കൂട്ട് അവാർഡ്’ എന്ന് വിമർശിച്ചു. മധ്യപ്രദേശ് കേന്ദ്രമായി പ്രവർത്തിക്കുന്ന വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിവാദത്തിൽ ആര്യയോ സിപിഎം നേതാക്കളോ പ്രതികരിച്ചിട്ടില്ല.

നഗരസഭയുടെ ചെലവിൽ യാത്ര: ചോദ്യങ്ങൾ ഉയരുന്നു

പുത്തരിക്കണ്ടം മൈതാനത്ത് 6,000-ലധികം കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ സീഡ് ബോൾ ക്യാംപെയ്‌ന്റെ ഭാഗമായാണ് നഗരസഭയ്ക്ക് ഈ അവാർഡ് ലഭിച്ചത്. എന്നാൽ, ഇന്ത്യൻ സംഘടന നൽകിയ അവാർഡ് സ്വീകരിക്കാൻ നഗരസഭയുടെ ചെലവിൽ യുകെയിൽ പോയത് എന്തിനെന്നാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം. ബിജെപി നേതാവും കോർപ്പറേഷൻ കൗൺസിലറുമായ വി.വി. രാജേഷ്, നഗരത്തിലെ മാലിന്യപ്രശ്നങ്ങൾ വഷളാകുമ്പോൾ മേയർ ‘തട്ടിപ്പ് അവാർഡ്’ വാങ്ങാൻ യാത്ര ചെയ്തത് പരിഹാസ്യമാണെന്ന് വിമർശിച്ചു. കേന്ദ്രസർക്കാർ നൽകിയ ഇലക്ട്രിക് ബസുകളുടെ പേര് ഉപയോഗിച്ചാണ് ഈ അവാർഡ് ‘ഒപ്പിച്ചതെന്നും’ അദ്ദേഹം ആരോപിച്ചു.

More Stories from this section

family-dental
witywide