
കണ്ണൂർ: സൗമ്യ വധക്കേസിലെ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടിയതിന്‍റെ വീഡിയോ പങ്കുവച്ച് കേരള പൊലീസ്. ഫേസ്ബുക്ക് പേജിലടക്കം പങ്കുവച്ചുകൊണ്ടാണ് പൊലീസ് വീഡിയോ പുറത്തുവിട്ടത്. കിണറിൽ നിന്നും ഗോവിന്ദച്ചാമിയെ കയർകെട്ടി പൊക്കിവലിച്ച് പുറത്തേക്കെടുക്കുന്നതും പിന്നീട് സ്റ്റേഷനിൽ എത്തിക്കുന്നതിന്‍റെയും വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായതിന് ശേഷം പൊലീസിന് നൽകിയ ആദ്യ മൊഴിയിൽ ഒന്നര മാസത്തെ ആസൂത്രണം നടത്തിയാണ് ജയിൽ ചാടിയതെന്ന് ഗോവിന്ദച്ചാമി വെളിപ്പെടുത്തി. ജയിലിന്റെ അഴികൾ മുറിക്കാൻ ഒന്നര മാസമെടുത്തു. മുറിച്ചതിന്റെ പാടുകൾ പുറത്തുനിന്ന് കാണാതിരിക്കാൻ തുണികൊണ്ട് കെട്ടിവെച്ചിരുന്നു. കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്നടക്കം ഗോവിന്ദച്ചാമി വെളിപ്പെടുത്തി. എന്നാൽ ആരാണ് അത് എന്ന കാര്യം ഇതുവരെയും കൊടുംകുറ്റവാളി വെളിപ്പെടുത്തിയിട്ടില്ല. ആയുധം നൽകിയ ആളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.