
വാഷിംഗ്ടൺ: ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അറിവും സമ്മതവും ഉണ്ടായിരുന്നുവെന്ന ചർച്ച കൊഴുക്കുന്നു. ഇസ്രയേലി മാധ്യമങ്ങൾ ഇക്കാര്യം ആദ്യം മുതലേ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ട്രംപിന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലെ പോസ്റ്റും സമാന വാദം ശരിവക്കുന്നതാണ്. ഹമാസിന് വെടിനിർത്തൽ ധാരണകൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് രണ്ട് ദിവസം മുമ്പ് അവസാന മുന്നറിയിപ്പ് നൽകിയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ “ഇത് അവസാന മുന്നറിയിപ്പ്, ഇനി ഒന്ന് ഉണ്ടാകില്ല” എന്ന് ട്രംപ് കുറിച്ചതാണ് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.
ഈ മുന്നറിയിപ്പിന് പിന്നാലെ ദോഹയിൽ നടന്ന ആക്രമണം ട്രംപിന്റെ നിലപാടിനെ സൂചിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തൽ. ഇസ്രയേലിന്റെ നടപടിക്ക് ട്രംപിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്ന വാർത്തകൾ മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. ഹമാസുമായുള്ള വെടിനിർത്തൽ ചർച്ചകൾക്ക് ഈ സംഭവം തിരിച്ചടിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ട്രംപിന്റെ പോസ്റ്റും ആക്രമണവും തമ്മിലുള്ള ബന്ധം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ വിശകലനത്തിന് വിധേയമാകുകയാണ്.
അതിനിടെ ദോഹയ്ക്ക് സമീപം നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രയേൽ ഒറ്റയ്ക്ക് നടത്തിയ ഓപ്പറേഷനാണിതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. “ഇസ്രയേലാണ് ആക്രമണത്തിന് മുൻകൈ എടുത്തത്, നടപ്പിലാക്കിയത്, മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു,” എന്ന് പ്രസ്താവനയിൽ പറയുന്നു. ദോഹയിലെ കത്താറയിൽ നടന്ന ഈ ആക്രമണത്തിൽ ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതിയിലെ പ്രധാന നേതാവ് ഖലീൽ അൽ ഹയ്യ ഉൾപ്പെടെ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണം പ്രവാസി സമൂഹത്തെ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. താമസസ്ഥലങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ഈ ആക്രമണത്തെ ഖത്തർ ഭീരുത്വപൂർണ്ണവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് വിമർശിച്ചു. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചിരുന്ന ഖത്തർ, ഈ ആക്രമണത്തിന് പിന്നാലെ മധ്യസ്ഥ റോൾ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ആക്രമണം മേഖലയിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി.സൗദി അറേബ്യ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. ഇസ്രയേലിന്റെ നീക്കത്തെ ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമായി സൗദി വിശേഷിപ്പിച്ചു. ഈ ക്രൂരമായ ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഖത്തർ എടുക്കുന്ന ഏത് തീരുമാനത്തിനും പിന്തുണ നൽകുമെന്നും സൗദി അറേബ്യ വ്യക്തമാക്കി. ഖത്തർ അമീറിനെ ഫോണിൽ വിളിച്ച് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ പൂർണ പിന്തുണ അറിയിച്ചു. മേഖലയിൽ സ്ഥിരത തകർക്കുന്ന ഇത്തരം നടപടികൾ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും സൗദി നൽകുന്നു.
യുഎഇയും ഖത്തറിന് പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഖത്തറിന്റെ പരമാധികാരത്തിനെതിരായ ഭീരുത്വപരമായ നടപടിയാണ് ഇസ്രയേലിന്റെ ആക്രമണമെന്ന് യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ വ്യക്തമാക്കി. ഖത്തറിന് പൂർണ പിന്തുണ നൽകുന്നതായും യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി. ഈ ആക്രമണം മേഖലയിലെ സമാധാന ശ്രമങ്ങളെ തകർക്കുമെന്ന ആശങ്കയും യുഎഇ പ്രകടിപ്പിച്ചു.