നേരിടാനുറച്ച് തോമസ് ഐസക്കും, ഏഴ് ദിവസത്തിനകം ബിനാമി ആരോപണം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം; ഷെർഷാദിന് വക്കീൽ നോട്ടീസയച്ചു

തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ മുതിർന്ന നേതാവ് ഡോ. ടി എം തോമസ് ഐസക് പരാതിക്കാരനെതിരെ നിയമനടപടി തുടങ്ങി. ലണ്ടൻ ആസ്ഥാനമായുള്ള മലയാളി വ്യവസായി രാജേഷ് കൃഷ്ണ തന്റെ ബിനാമിയാണെന്ന് ആരോപിച്ച ചെന്നൈയിലെ വ്യവസായി ബി മുഹമ്മദ് ഷെർഷാദിന് ഐസക് വക്കീൽ നോട്ടീസ് അയച്ചു. ഈ ആരോപണം ഏഴ് ദിവസത്തിനകം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് ഐസക് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സി പി എം പൊളിറ്റ് ബ്യൂറോയ്ക്ക് ഷർഷാദ് അയച്ച കത്ത് ചോർന്നെന്ന ആരോപണമാണ് വിവാദത്തിന് കാരണമായത്. ഇതിൽ പാർട്ടി നേതാക്കൾക്കെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ ഉയർന്നിരുന്നു.

വിവാദം രാഷ്ട്രീയമായി ചൂടുപിടിക്കുമ്പോൾ, ഷെർഷാദിന്റെ ആരോപണങ്ങൾ തള്ളിക്കൊണ്ട് സി പി എം നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തെത്തി. രാജേഷ് കൃഷ്ണയുമായുള്ള ബന്ധം അടിസ്ഥാനരഹിതമാണെന്ന് ഐസക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കത്ത് ചോർച്ചയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ഷ്യാംജിത്ത് കത്ത് ചോർത്തിയെന്ന ഷർഷാദിന്റെ ആരോപണവും വിവാദത്തിന് ആക്കം കൂട്ടി. ഈ ആരോപണങ്ങൾക്കെതിരെ ഗോവിന്ദനും നിയമനോട്ടീസ് അയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഈ വിവാദം പാർട്ടിക്ക് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ സിപിഎം നേതൃത്വം ആരോപണങ്ങളെ ശക്തമായി നേരിടാനുള്ള തയാറെടുപ്പിലാണ്.

More Stories from this section

family-dental
witywide