മലയാളത്തിന്റെ സ്വന്തം ‘ശ്രീ’ക്ക് അന്ത്യാഞ്ജലിയേകി കേരളം, ജനസഹസ്രങ്ങൾ ഒഴുകിയെത്തി; രാവിലെ വീട്ടുവളപ്പിൽ പൂർണ ബഹുമതികളോടെ സംസ്കാരം

കൊച്ചി: മലയാള സിനിമയുടെ ബഹുമുഖ പ്രതിഭ ശ്രീനിവാസൻ്റെ മൃതദേഹം പൊതുദർശനത്തിന് വെച്ച എറണാകുളം ടൗൺഹാളിൽ ജനസഹസ്രങ്ങൾ ഒഴുകിയെത്തി. ഉച്ചയ്ക്ക് ഒന്ന് മുതൽ മൂന്ന് വരെ നിശ്ചയിച്ചിരുന്ന പൊതുദർശനം ജനത്തിരക്ക് കാരണം സമയം പിന്നെയും നീട്ടി. സിനിമാ പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, അയൽക്കാർ, കർഷകർ എന്നിവർ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിൽനിന്നും ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.

ശനിയാഴ്ച രാവിലെ 8.22-ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ശ്രീനിവാസൻ അന്തരിച്ചത്. ഡയാലിസിസിന് പോകുന്ന വഴി ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആദ്യം കണ്ടനാട്ടെ വീട്ടിലെത്തിച്ചു. മകന്മാരായ വിനീത്, ധ്യാൻ, ഭാര്യ വിമല എന്നിവർക്കൊപ്പം ഉറ്റവരും സുഹൃത്തുക്കളും ആദരാഞ്ജലി അർപ്പിച്ചു. മമ്മൂട്ടി, സത്യൻ അന്തിക്കാട്, ദിലീപ് തുടങ്ങിയവർ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

ഉച്ചയോടെ ടൗൺഹാളിലേക്ക് മാറ്റിയ മൃതദേഹത്തിനരികെ നിരനിരയായി ജനങ്ങൾ വരിനിന്നു. വൈകിട്ട് മൂന്നരയോടെ മൃതദേഹം വീണ്ടും കണ്ടനാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. പ്രിയപ്പെട്ട കൃഷിയിടത്തിനും മരങ്ങൾക്കും സമീപം ഞായറാഴ്ച രാവിലെ 10-ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. ശ്രീനിവാസൻ്റെ വിടവാങ്ങൽ മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്നാണ് ഏവരും പ്രതികരിച്ചത്.

More Stories from this section

family-dental
witywide