
മിഷിഗണിലെ ബാത്ത് ടൗൺഷിപ്പിൽ ചെറു വിമാനം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഏകദേശം അഞ്ച് മണിക്ക് നടന്ന അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരും സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ടൗൺഷിപ്പ് അധികൃതർ അറിയിച്ചു. ക്ലാർക്ക് റോഡും പീക്കോക്ക് റോഡും ചേരുന്ന സ്ഥലത്താണ് അപകടം നടന്നത്. ബാത്ത് ടൗൺഷിപ്പ് ഫയർ ഡിപ്പാർട്ട്മെന്റും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.
വിമാനത്തിൽ മൂന്ന് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചതായും ടൗൺഷിപ്പിന്റെ പ്രസ്താവനയിൽ പറയുന്നു. അപകടകാരണം ഇതുവരെ വ്യക്തമല്ല, വിമാനത്തിന്റെ ലക്ഷ്യസ്ഥലം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.